ന്യൂഡൽഹി: ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ പിടികൂടുന്നതിനായി ആറ് സംസ്ഥാനങ്ങളിൽ റെയ്‌ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). മധ്യപ്രദേശ്, ഗുജറാത്ത്, ബിഹാർ, കർണാടക, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 13 സ്ഥലങ്ങളിലാണ് പരിശോധന. ഈ കേന്ദ്രങ്ങളെല്ലാം സോഷ്യൽ ഡെമോക്രാറ്റിക് ഓഫ് ഇന്ത്യയുമായി (എസ്‌ഡിപിഐ) ബന്ധമുള്ളവരുടേതാണെന്നും നിരവധി പേരെ ഇതിനോടകം കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നുമാണ് അന്വേഷണ ഏജൻസി നല്‍കുന്ന സൂചന.
മധ്യപ്രദേശിലെ ഭോപ്പാൽ, റെയ്‌സൻ ജില്ലകളിലാണ് ഏജൻസി തെരച്ചിൽ. ഗുജറാത്തിലെ ബറൂച്ച്, സൂറത്ത്, നവസാരി, അഹമ്മദാബാദ് ജില്ലകൾ, ബിഹാറിലെ അരാരിയ ജില്ല, കർണാടകയിലെ ഭട്‌കൽ, തുംകൂർ സിറ്റി ജില്ലകൾ, മഹാരാഷ്ട്രയിലെ കോലാപ്പൂർ, നന്ദേഡ് ജില്ലകൾ, ഉത്തർപ്രദേശിലെ ദേവ്ബന്ദ് ജില്ലകൾ എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. ഇന്ന് നടത്തിയ റെയ്ഡില്‍ കുറ്റകരമായ രേഖകൾ, സാമഗ്രികൾ തുടങ്ങിയവ പിടിച്ചെടുത്തു.
എൻഐഎ സ്വമേധയ രജിസ്റ്റർ ചെയ്‌ത കേസിൽ ഒരാഴ്‌ചയ്‌ക്ക് ശേഷമാണ് പരിശോധന നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് സുരക്ഷ ഉദ്യേഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീവ്രവാദ വിരുദ്ധ വിഭാഗവും ഏജൻസിയും (Counter Terrorism and Counter Radicalisation division of the Ministry of Home Affairs) ഉത്തരവിട്ടതിനെത്തുടർന്ന് വിവിധ വകുപ്പുകൾ പ്രകാരം 2022 ജൂലൈ 22 രാത്രിയാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്‌തത്. പിഎഫ്ഐ "ടെറർ മോഡ്യൂൾ" കേസ് അടുത്തിടെ ബിഹാർ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്‌തിരുന്നു.