ശ്രീനഗർ (ജമ്മു&കശ്‌മീർ): തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ദോഡയിലും ജമ്മുവിലും റെയ്‌ഡ് നടത്തി. നിരോധിത ജമാഅത്തെ ഇസ്‌ലാമി (ജെഐ) അംഗങ്ങളുടെ വസതികളിലും സമീപ പ്രദേശങ്ങളിലുമാണ് റെയ്‌ഡ്. ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന് (ജെഐഎച്ച്) വേണ്ടി പ്രവർത്തിക്കുന്ന ദോഡയിലെ കൃഷി വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ നൂർ ദിൻ ബോറുവിന്‍റെ വസതിയിലും എൻഐഎ അപ്രതീക്ഷിത റെയ്‌ഡ് നടത്തി.
കൂടാതെ ദോഡ ജില്ലയിലെ ധാരാ-ഗുണ്ഡാന, മുൻഷി മുഹല്ല, അക്രംബന്ദ്, നാഗ്രി നായ് ബസ്‌തി, ഖരോട്ടി ഭഗവ, തലേല, മലോത്തി ഭല്ല എന്നിവിടങ്ങളിലും ജമ്മുവിലെ ഭട്ടിണ്ടിയിലും റെയ്‌ഡ് നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭാവനകളിലൂടെ രാജ്യത്തിനകത്തും പുറത്തു നിന്നുമായി തീവ്രവാദത്തിന് പണം ശേഖരിക്കുന്നുണ്ടെന്ന് കാണിച്ച് കഴിഞ്ഞ വർഷം ഫെബ്രുവരി 5നാണ് എൻഐഎ സ്വമേധയ കേസ് രജിസ്റ്റർ ചെയ്‌തത്.
ഇത്തരത്തില്‍ സ്വരൂപിക്കുന്ന പണം ഹിസ്ബുൽ മുജാഹിദീൻ, ലഷ്‌കർ-ഇ-ത്വയ്ബ തുടങ്ങിയ സംഘടനകള്‍ക്ക് കൈമാറുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ ജെഐ കശ്‌മീരിലെ യുവാക്കളെ പ്രചോദിപ്പിക്കുകയും തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. 2019 ഫെബ്രുവരിയിൽ, തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്നും കാണിച്ച് ജെഐയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം, കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വർഷത്തേക്ക് നിരോധിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന സുരക്ഷ സംബന്ധിച്ച ഉന്നത തല യോഗത്തിന് ശേഷമാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം ഗ്രൂപ്പിനെ നിരോധിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.