ന്യൂഡൽഹി : പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ആക്രമണം അന്വേഷിക്കാൻ പുതിയ കമ്മിറ്റി. മുൻ ഇൻ്റലിജൻസ് ബ്യൂറോ മേധാവി രാജീവ് ജെയിൻ്റെ നേതൃത്വത്തിലുള്ള സമിതിയാണ് രൂപീകരിച്ചത്.
കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് എൻഎച്ച്ആർസി (ദേശീയ മനുഷ്യാവകാശ കമ്മീഷൻ) അധികൃതർ അറിയിച്ചു.
Read more: ബംഗാൾ തെരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർഥിക്ക് നേരെ ആക്രമണം
ജെയിന് കീഴിലുള്ള സമിതിയിൽ ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർപേഴ്‌സൺ ആതിഫ് റഷീദ്, ദേശീയ വനിത കമ്മിഷൻ അംഗം രാജുബെൻ എൽ ദേശായി, എൻഎച്ച്‌ആർസി ഡയറക്‌ടർ ജനറൽ (ഇൻവെസ്റ്റിഗേഷൻ) സന്തോഷ് മെഹ്‌റ, പശ്ചിമ ബംഗാൾ സംസ്ഥാന മനുഷ്യാവകാശ രജിസ്ട്രാർ, പശ്ചിമ ബംഗാൾ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി രാജു മുഖർജി, എൻഎച്ച്‌ആർസി ഡിഐജി (ഇൻവെസ്റ്റിഗേഷൻ) മൻസിൽ സൈനി എന്നിവരും ഉൾപ്പെടുന്നു.
ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പശ്ചിമ ബംഗാളിലെ വോട്ടെടുപ്പിന് ശേഷമുള്ള എല്ലാ അക്രമ കേസുകളും എൻഎച്ച്‌ആർസി കമ്മിറ്റി പരിശോധിക്കും. പശ്ചിമ ബംഗാൾ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിക്ക് ലഭിച്ച പരാതികളും ഇനി കിട്ടിയേക്കാവുന്ന പരാതികളും സംഘം പരിശോധിക്കും.
ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നിലവിലെ അവസ്ഥയെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ സമർപ്പിക്കും. ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാൻ കഴിയുമെന്നും ജനങ്ങളുടെ ആത്മവിശ്വാസം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.