ന്യൂഡൽഹി: കേന്ദ്രത്തിന്‍റെ പുതുക്കിയ വാക്‌സിൻ നയമനുസരിച്ച് രാജ്യത്ത് നാലാം ദിവസം 18-44 വയസിനിടയിലുള്ള പത്ത് ലക്ഷത്തിലധികം പേർക്ക് 54.07 ലക്ഷം വാക്‌സിൻ ഡോസുകൾ നൽകിയതായി കേന്ദ്രം. ആരോഗ്യ മന്ത്രാലയത്തിന്‍റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇന്ത്യയുടെ മൊത്തം കൊവിഡ് വാക്‌സിനേഷൻ കണക്ക് വ്യാഴാഴ്ച വരെ 30.72 കോടി കവിഞ്ഞു.
വാക്‌സിൻ സ്വീകരിച്ചവർ 30.72 കോടി
നിലവിൽ 18-44 വയസിനിടയിലുള്ളവർക്ക് 35,44,209 വാക്സിൻ ഡോസുകൾ ആദ്യ ഡോസായും 67,626 വാക്സിൻ ഡോസുകൾ രണ്ടാമത്തെ ഡോസായും നൽകിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, അസം, ബിഹാർ, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ 18-44 വയസിനിടയിലുള്ള പത്ത് ലക്ഷം പേർ കൊവിഡിന്‍റെ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.
also read:കേന്ദ്രത്തിന്‍റെ സൗജന്യ വാക്‌സിൻ നയത്തെ സ്വാഗതം ചെയ്‌ത് ഐഎംഎ
പുതുക്കിയ വാക്‌സിൻ നയമനുസരിച്ച് 18 വയസിന് മുകളിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്നാണ് മോദി പ്രഖ്യാപിച്ചത്. വാക്‌സിൻ ഉത്പാദകരിൽ നിന്നും 75 ശതമാനം വാക്‌സിൻ ഡോസുകളും കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകും എന്നും അദ്ദേഹം അറിയിച്ചിരുന്നു.
അതേസമയം രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം മൂലമുണ്ടായ സാമൂഹിക-സാമ്പത്തിക തകർച്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്‍റെ അഭിപ്രായങ്ങൾ ആഭ്യന്തരകാര്യ പാർലമെന്‍ററി സമിതി തിങ്കളാഴ്ച കേൾക്കും.