ചെന്നൈ: സിനിമയും രാഷ്‌ട്രീയവും തമിഴ്‌നാട്ടില്‍ ഒരു തുലാസിലെ രണ്ട് തട്ടുകളാണെന്നതിന് സാക്ഷിയാണ് സംസ്ഥാനത്തിന്‍റെ രാഷ്‌ട്രീയ ചരിത്രം. ഇതിന് ഒരു ഉത്തമ ഉദാഹരണമാണ് ജയലളിതയും തമിഴ്‌നാടിന്‍റെ നായകനായ എംജിആറും. അതോടൊപ്പം തന്നെ നില്‍ക്കുന്ന നേതാക്കളാണ് എം കരുണാനിധിയും കൊച്ചുമകനായ ഉദയനിധി സ്‌റ്റാലിനും.
തമിഴ്‌നാട്ടിലെ നിയമസഭാംഗമായ ഉദയനിധി സ്‌റ്റാലിന്‍റെ ഏറ്റവും പുതിയ ക്രൈം- ആക്ഷന്‍ ചിത്രമാണ് 'കലക തലൈവന്‍'. അനീതിയ്‌ക്കെതിരെ പോരാടുന്ന ആക്ഷന്‍ ഹീറോയായാണ് താരം ചിത്രത്തില്‍ വേഷമിടുന്നത്. ശക്തമായ പ്രത്യയശാസ്‌ത്രങ്ങളെ വിളിച്ചോതുന്ന ചിത്രം എന്ന നിലയില്‍, രാജ്യം ഭരിക്കുന്നത് കോര്‍പറേറ്റ് കമ്പനികളും രാഷ്‌ട്രീയ പാര്‍ട്ടികളുമാണെന്ന് ചിത്രം വ്യക്തമാക്കുന്നു.
പാര്‍ട്ടിയുടെ അനന്തരാവകാശി എന്ന നിലയില്‍ ഡിഎംകെയേയും ചിത്രം അകറ്റിനിര്‍ത്തുന്നില്ല. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെ പ്രത്യക്ഷമായും ചിത്രം വിമര്‍ശിക്കുന്നു. ഒറീസയിലെ ബോക്സൈറ്റ് ഖനനത്തിനെതിരെ നിയംഗിരി ഗോത്രവിഭാഗവും രാഹുല്‍ ഗാന്ധിയും കൈകോര്‍ത്ത് പ്രതിഷേധിച്ച സംഭവത്തില്‍ കോര്‍പ്പറേറ്റുകളാണ് എതിരാളികളെന്ന് ചിത്രം എടുത്തുകാട്ടുന്നു.
പ്രഭാതസഞ്ചാരത്തിനിടയില്‍ കലക തലൈവനെക്കുറിച്ച് ആരോഗ്യമന്ത്രി എം എ സുബ്രഹ്മണ്യനോട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിന്‍ അഭിപ്രായം ആരായുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് രാഷ്‌ട്രീയത്തിലേക്ക് ഉദയനിധി സ്‌റ്റാലിന്‍ ചുവടുവയ്‌ക്കുന്നത്. സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരം നടത്തവെ പൊലീസിന്‍റെ വെടിവയ്‌പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉദയനിധി സ്‌റ്റാലിന്‍ സന്ദര്‍ശനം നടത്താതിരുന്നത് വിവാദത്തിനിടയായിരുന്നു.
ഹൈഡ്രോകാര്‍ബണ്‍ ഖനനത്തിനെതിരെ നടന്ന നെടുവാസല്‍ സമരത്തിലും അദ്ദേഹം പങ്കെടുത്തില്ല എന്നതും മറ്റൊരു വിവാദ വിഷയമായിരുന്നു. എന്നിരുന്നാലും, പാര്‍ട്ടിയുടെ യൂത്ത് വിങ് സെക്രട്ടറിയായ അദ്ദേഹത്തെ മന്ത്രിമാര്‍ അടക്കം എല്ലാവരും ബഹുമാനപൂര്‍വം പെരുമാറുന്നതും മറ്റൊരു ചര്‍ച്ച വിഷയമാണ്.
2019ലെ ഹിന്ദി ചിത്രമായ ആര്‍ട്ടിക്കിള്‍ 15ന്‍റെ തമിഴ് റീമേക്ക് ചിത്രമായ 'നെഞ്ചുക്കു നീതി' എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഉദയനിധി സ്‌റ്റാലിനാണ്. ദലിതരുടെ അവകാശത്തിനായി പോരാടുന്ന കഥാപാത്രമായാണ് താരം എത്തുന്നത്. കരുണാനിധി സ്‌റ്റാലിന്‍റെ ആത്മകഥയുടെ പേരാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
മുന്‍കാലങ്ങളില്‍ സിനിമകള്‍ ഡിഎംകെയുടെ വളര്‍ച്ചയ്‌ക്ക് കാരണമായെങ്കില്‍ ഇപ്പോള്‍ ഉദയനിധി സ്‌റ്റാലിന്‍റെ രാഷ്‌ട്രീയ വളര്‍ച്ചയ്‌ക്കാണ് ചിത്രം ഗുണം ചെയ്യുന്നത്. ഉദയനിധി സ്‌റ്റാലിന്‍റെ രാഷ്‌ട്രീയ സിനിമ പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാടിന്‍റെ എക്കാലത്തെയും നായകനായ എംജിആറിനെ ഓര്‍മിപ്പിക്കുന്നു.