ഗിരീഡിഹ് (ജാര്‍ഖണ്ഡ്) : ജാര്‍ഖണ്ഡില്‍ സര്‍ക്കാർ ആശുപത്രിയില്‍ നവജാത ശിശുവിനെ എലി കരണ്ടു. ഗിരീഡിഹിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ (എംസിഎച്ച്) കേന്ദ്രത്തിലാണ് സംഭവം. ജമുവ അസ്‌കോ സ്വദേശികളായ മംമ്‌ത ദേവിയുടേയും രാജേഷ് സിങിന്‍റെയും നവജാത ശിശുവിനാണ് ദുരവസ്ഥയുണ്ടായത്.
വെള്ളിയാഴ്‌ചയാണ് മംമ്‌ത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞുങ്ങളുടെ വാര്‍ഡിലേക്ക് മാറ്റി. തിങ്കളാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിയോടെ കുഞ്ഞിന് മഞ്ഞപ്പിത്തം ബാധിച്ചതായി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് അറിയിച്ചു.
കുഞ്ഞിനെ വിദഗ്‌ധ ചികിത്സക്കായി ധന്‍ബാധിലേക്ക് കൊണ്ടുപോകാനും നിര്‍ദേശിച്ചു. പരിശോധയില്‍ കുഞ്ഞിനെ എലി കരണ്ടതായി കണ്ടെത്തുകയായിരുന്നു. ചികിത്സയിലുള്ള കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
സംഭവത്തില്‍ നിരുത്തരവാദപരമായ പെരുമാറ്റത്തിന് ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കോണ്‍ഗ്രസ് തുടങ്ങി വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും സിവില്‍ സര്‍ജന്‍ എസ്.പി മിശ്ര അറിയിച്ചു.