ന്യൂഡല്‍ഹി : വരാനിരിക്കുന്ന, പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിലേക്ക് (Parliament Special Session) കടക്കുമ്പോള്‍ ജീവനക്കാരുടെയും സുരക്ഷ ഉദ്യോഗസ്ഥരുടെയും യൂണിഫോമില്‍ (Uniforms) ഉള്‍പ്പടെ അണിയറയില്‍ ഒരുങ്ങുന്നത് അടിമുടി മാറ്റം. പിങ്ക് നിറത്തിലുള്ള താമര ആലേഖനം ചെയ്‌ത ഷര്‍ട്ടുകളും കാക്കി പാന്‍റുകളുമാവും ജീവനക്കാര്‍ ധരിക്കുക (New Parliament New Uniform). നിലവിലുള്ള 'ബന്ദ്ഗാല' സ്യൂട്ട് മാറി മജന്ത നിറത്തിലുള്ള നെഹ്‌റു ജാക്കറ്റുമെത്തും (Nehru Jacket).
യൂണിഫോം ഇങ്ങനെ : നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയാണ് (NIFT) പുതിയ യൂണിഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതുപ്രകാരം താമര ആലേഖനം ചെയ്‌ത ഷര്‍ട്ടിനും കാക്കി പാന്‍റിനുമൊപ്പം മാർഷലുകൾ മണിപ്പൂരി തലപ്പാവും ധരിക്കും. സുരക്ഷ ഉദ്യോഗസ്ഥർ നിലവിലുള്ള സ്യൂട്ടുകൾക്ക് പകരം ആർമിയുടെ യൂണിഫോം ധരിക്കും.
മാത്രമല്ല സ്‌പീക്കറുടെ മുന്നിൽ ഇരിക്കുന്ന ജീവനക്കാരും യൂണിഫോമിലായിരിക്കും. ഇതുകൂടാതെ ജീവനക്കാരുടെ പെരുമാറ്റത്തിൽ മാറ്റം കൊണ്ടുവരുന്നതിനായി സർക്കാർ കമാൻഡോ പരിശീലനവും മുന്നോട്ടുവയ്‌ക്കുന്നുണ്ട്.
വിമര്‍ശനവുമായി പ്രതിപക്ഷം : എന്നാല്‍ ഇരുസഭകളിലെയും ജീവനക്കാരും സുരക്ഷ ഉദ്യോഗസ്ഥരും പുതിയ വസ്‌ത്രത്തിലേക്ക് മാറുമെന്ന വാര്‍ത്തകളെത്തിയതോടെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. യൂണിഫോം മാറ്റുന്നതിലൂടെ സർക്കാരിന് ചില അജണ്ടകളുണ്ടെന്ന് കോൺഗ്രസ് നേതാവ് റാഷിദ് കിദ്വായ് ആരോപിച്ചു. മാറ്റങ്ങൾ വരുത്തണമെങ്കിൽ എന്തിനായിരുന്നു താമരപ്പൂവിന്‍റെ ഡിസൈൻ?. രാജ്യം മുഴുവൻ കാവി നിറമാക്കാൻ ബിജെപി സർക്കാർ ആഗ്രഹിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
പ്രാതിനിധ്യ ജനാധിപത്യത്തിന്‍റെ കേന്ദ്രമായ പാർലമെന്‍റിൽ കേന്ദ്രം നടത്തുന്ന കാവിവത്കരണവും അതുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ അജണ്ടയുമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് ആർജെഡി നേതാവ് മനോജ് ഝായും ആരോപിച്ചു. ജീവനക്കാരെയും സുരക്ഷ ഉദ്യോഗസ്ഥരെയും അവരുടെ പാർട്ടി വസ്‌ത്രമണിയാന്‍ സർക്കാർ നിര്‍ബന്ധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.