ന്യൂഡൽഹി : 2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന് (Commitment to make India a developed nation) പ്രധാനമന്ത്രി നരേന്ദ്ര മോദി (New Parliament building beginning of new future said PM Modi). പഴയ പാർലമെന്‍റ് മന്ദിരത്തിലെ ചരിത്രപ്രസിദ്ധമായ സെൻട്രൽ ഹാളിൽ ഇന്ത്യൻ പാർലമെന്‍റിന്‍റെ സമ്പന്നമായ പാരമ്പര്യത്തെ അനുസ്‌മരിക്കുന്ന ചടങ്ങിൽ എംപിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ പാർലമെന്‍റ് മന്ദിരത്തിൽ പുതിയ ഭാവിക്കായി പുതിയ തുടക്കങ്ങൾ ഉണ്ടാക്കാൻ പോകുകയാണ് മോദി പറഞ്ഞു. 1952 മുതൽ ലോകമെമ്പാടുമുള്ള 41 രാഷ്ട്രത്തലവന്മാർ സെൻട്രൽ ഹാളിൽ എംപിമാരെ അഭിസംബോധന ചെയ്‌തിട്ടുണ്ട് കൂടാതെ കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ 4,000-ത്തിലധികം നിയമങ്ങൾ പാർലമെന്‍റ് പാസാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.
ഏറെ വൈകാരികതയോടെയാണ് പഴയ പാർലമെന്‍റ് മന്ദിരത്തോട് യാത്ര പറഞ്ഞ് പുതിയതിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അഞ്ച് ദിവസം നീളുന്ന പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിന്‍റെ തുടക്കത്തില്‍ ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ പാർലമെന്‍റിലേക്ക് മാറിയാലും പഴയ മന്ദിരം തലമുറകളെ പ്രചോദിപ്പിക്കും. ഈ കെട്ടിടം നിർമിക്കാനുള്ള തീരുമാനമെടുത്തത് വിദേശ ഭരണാധികാരികളാണെന്നത് ശരിയാണ്. എങ്കിലും ഇത് അങ്ങനെ മറക്കാൻ കഴിയില്ല. കാരണം, ഇതിന്‍റെ നിർമാണത്തിൽ എന്‍റെ രാജ്യത്തെ ജനങ്ങളുടെ അധ്വാനമുണ്ട് മോദി പറഞ്ഞു.
ഈ പാർലമെന്‍റ് മന്ദിരത്തിൽ പ്രതിധ്വനിച്ച പണ്ഡിറ്റ് നെഹ്റുവിന്‍റെ 'ഈ അർധരാത്രിയിൽ...' എന്ന് തുടങ്ങുന്ന പ്രസംഗം നമ്മെ എക്കാലവും പ്രചോദിപ്പിക്കും. ജവഹർലാൽ നെഹ്‌റു മുതൽ ലാൽ ബഹദൂർ ശാസ്‌ത്രി, അടൽ ബിഹാരി വാജ്‌പേയി എന്നിങ്ങനെ ഇന്ത്യയെ കുറിച്ചുള്ള കാഴ്‌ചപ്പാട് അവതരിപ്പിക്കുന്ന നിരവധി നേതാക്കളെ ഈ പാർലമെന്‍റ് കണ്ടിട്ടുണ്ടെന്നും പറഞ്ഞു.
75 വർഷത്തിനിടെ രാജ്യത്തെ സാധാരണക്കാരന് പാർലമെന്‍റിനോടുള്ള വിശ്വാസം വർധിച്ചതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടം. പാർലമെന്‍റ് എന്ന മഹത്തായ സ്ഥാപനത്തിൽ അതേ വിശ്വാസം നിലനിൽക്കുന്നത് ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ ശക്തിയാണ്. നമുക്ക് പുതിയ കെട്ടിടത്തിലേക്ക് പോകാം. എന്നാൽ പഴയ കെട്ടിടം വരും തലമുറകൾക്കും പ്രചോദനമാകും. ഇത് ഇന്ത്യയുടെ യാത്രയുടെ സുപ്രധാന അധ്യായമാണെന്നും രാജ്യത്തിന്‍റെ 75 വർഷത്തെ യാത്ര പുതുതായി ആരംഭിക്കുന്നുവെന്നും രാജ്യം നവോന്മേഷത്താൽ നിറഞ്ഞിരിക്കുന്നു. ഒരു പുതിയ സ്ഥലത്ത് നിന്ന് പുതിയ ഊർജവും ആത്മവിശ്വാസവുമാണ് ലഭിക്കുന്നത്. 2047 ഓടെ രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.
ALSO READ: പഴയ പാർലമെന്‍റ് മന്ദിരത്തോട് യാത്ര പറയുന്നത് ഏറെ വൈകാരികതയോടെയെന്ന് പ്രധാനമന്ത്രി
ALSO READ: 'സമയദൈർഘ്യത്താല്‍ ചെറുത്, ചരിത്ര തീരുമാനങ്ങളാല്‍ വലുത്' : സഭാസമ്മേളനത്തെക്കുറിച്ച് മോദി