ന്യൂഡല്‍ഹി: കൊവിഡ് 19 ന്‍റെ പുതിയ വകഭേദമായ ബിഎഫ് 7, ബിഎഫ് 12 ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്‌തു. വൈറസ് ബാധക്കെതിരെ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുകയാണ് നിലവിലെ സാഹചര്യം. ഗുജറാത്തിലും ഒഡിഷയിലുമാണ് പുതിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. രണ്ടു മാസം മുമ്പ് ഗുജറാത്തിലെ രണ്ടു പേര്‍ക്ക് ബിഎഫ് 7, ബിഎഫ് 12 എന്നിവ ബാധിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഇരുവരും നിലവില്‍ സുഖം പ്രാപിച്ചിട്ടുണ്ട്.
ഒമിക്രോൺ വേരിയന്‍റായ ബിഎ 5 ന്‍റെ ഒരു ഉപവംശമാണ് ബിഎഫ് 7. രോഗ വ്യാപനശേഷി കൂടുതലുള്ളതും വളരെ ചെറിയ ഇന്‍കുബേഷന്‍ കാലയളവുള്ളതുമായ വേരിയന്‍റു കൂടിയാണ് ബിഎഫ് 7. കൂടാതെ ഇത് വാക്‌സിന്‍ സ്വീകരിച്ചവരെയും ബാധിക്കും. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കൊവിഡ് 19ന്‍റെ നാല് വകഭേദങ്ങള്‍ കണ്ടെത്തിയതായി ഇന്ത്യൻ സാര്‍സ് കോവ് 2 ജീനോമിക് കൺസോർഷ്യം (INSACOG) അറിയിച്ചതായും കൊവിഡിന് സാമ്യമായ നിയന്ത്രണങ്ങളും മുന്‍കരുതലുകളും തുടരണമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുന്‍കരുതല്‍ മുഖ്യം: 'ഒക്‌ടോബർ മുതൽ മറ്റ് രാജ്യങ്ങളിൽ വ്യാപകമായ ബിഎഫ് 7 ഉൾപ്പെടെയുള്ള കൊവിഡ് 19 ന്‍റെ നാല് പുതിയ വകഭേദങ്ങൾ ഇന്ത്യൻ സാര്‍സ് കോവ് 2 ജീനോമിക് കൺസോർഷ്യം കണ്ടെത്തിയിട്ടുണ്ട്', ആരോഗ്യ മന്ത്രാലയം വിളിച്ചു ചേര്‍ത്ത കൊവിഡ് 19 അടിയന്തര യോഗത്തിന് ശേഷം ആരോഗ്യ വകുപ്പ്-നിതി ആയോഗ് അംഗം ഡോക്‌ടർ വി കെ പോൾ പറഞ്ഞു. ചൈന, യുഎസ്എ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് 19 കേസുകളുടെ വർധന റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെയായിരുന്നു യോഗം.
'ആളുകള്‍ പരിഭ്രാന്തരാകരുത്. തിരക്കുള്ള ഇടങ്ങളില്‍ മാസ്‌ക് ഉപയോഗിക്കുക. പ്രായമായവരും മറ്റു രോഗങ്ങള്‍ ഉള്ളവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക', ഡോ. പോള്‍ പറഞ്ഞു. രാജ്യത്ത് ജനസംഖ്യയുടെ 27-28 ശതമാനം ആളുകള്‍ മാത്രമാണ് മുന്‍കരുതല്‍ ഡോസ് സ്വീകരിച്ചതെന്നും ബാക്കിയുള്ളവരും ഉടന്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളങ്ങളില്‍ സ്‌ക്രീനിങ് ശക്തമാക്കാൻ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധനകള്‍ ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലദോഷം, തൊണ്ട വേദന, പനി തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ അവഗണിക്കരുതെന്നും ഡോക്‌ടര്‍മാരെ സമീപിക്കണമെന്നും നിര്‍ദേശമുണ്ട്.
കൊവിഡ് 19 വൈറസിലെ ജനിതക വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള അമ്പതിലധികം ലബോറട്ടറികളുടെ കൂട്ടായ്‌മയാണ് ഇന്ത്യൻ സാര്‍സ് കോവ് 2 ജീനോമിക് കൺസോർഷ്യം (INSACOG). ഒരു പുതിയ വൈറസിന്‍റെ സവിശേഷതകൾ തിരിച്ചറിയാനും മനസിലാക്കാനും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ജീനോം സീക്വൻസിങ്. ആരോഗ്യ മന്ത്രാലയത്തിന്‍റെ അടിയന്തര യോഗത്തില്‍ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, ആരോഗ്യ സഹമന്ത്രി ഡോ ഭാരതി പി പവാർ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, ഐസിഎംആർ ഡിജി, എയിംസ് ഡയറക്‌ടർ, ആരോഗ്യ മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.