ബെംഗളുരു: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 10000 കടന്ന് കൊവിഡ് രോഗികൾ. സംസ്ഥാനത്ത് ഇതുവരെയുള്ള ദിനംപ്രതിയുള്ള കണക്കിൽ ഉയർന്ന നിരക്കാണിത്. കർണാടകയിൽ 10,250 പേർക്കും ബെംഗളുരുവിൽ 7,584 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,65,290 കടന്നു. 69,225 സജീവ കൊവിഡ് രോഗികളാണ് നിലവിലുള്ളത്. 24 മണിക്കൂറിൽ 2,638 പേർ കൂടി രോഗമുക്തി നേടിയതോടെ 9,83,157 പേർ കൊവിഡ് മുക്തരായെന്നും അധികൃതർ പറഞ്ഞു.
ബെംഗളുരുവിൽ മാത്രം ഇതുവരെ 4,81,982 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്. നിലവിൽ 51,236 സജീവ കൊവിഡ് രോഗികളാണ് നഗരത്തിലുള്ളത്. 24 മണിക്കൂറിൽ 1,184 പേർ കൊവിഡ് മുക്തരായെന്നും നഗരത്തിൽ മാത്രം 4,25,930 പേർ ഇതുവരെ കൊവിഡ് മുക്തരായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. 24 മണിക്കൂറിൽ 40 കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്.
സംസ്ഥാനത്ത് 440 പേരാണ് കൊവിഡ് ബാധിച്ച് ഐസിയുവിൽ കഴിയുന്നത്. സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 7.72 ശതമാനമാണ്. കൊവിഡ് മരണനിരക്ക് 0.39 ശതമാനവുമാണ്. 30,439 മുതിർന്ന പൗരന്മാരും 45-59 വയസിനുള്ളിലുള്ള 45,38,427 പേരും അടക്കം 70,000 പേർ 24 മണിക്കൂറിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. ജനുവരി 16ന് ആരംഭിച്ച വാക്‌സിനേഷൻ ഡ്രൈവിലൂടെ 58,51,761 പേരാണ് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്.