പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ 1,195 പുതിയ കൊവിഡ് കേസുകളും 12 കൊവിഡ് മരണങ്ങളും കൂടി റിപ്പോർട്ട് ചെയ്തു. പുതിയ കേസുകളോടെ പുതുച്ചേരിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 58,622 ആയി. 805 പേരാണ് പുതുച്ചേരിയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 6,451 സാമ്പിളുകളാണ് പരിശേധിച്ചത്. ഇതോടെ കേന്ദ്രഭരണ പ്രദേശത്ത് പരിശോധിച്ച ആകെ സാമ്പിളുകളുടെ എണ്ണം 7.96 ലക്ഷമായി ഉയർന്നുവെന്ന് ആരോഗ്യ കുടുംബക്ഷേമ സേവന ഡയറക്ടർ എസ് മോഹൻ കുമാർ അറിയിച്ചു.
654 രോഗികൾ കൂടി കൊവിഡ് മുക്തരായതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 48,298 ആയി. നിലവിൽ 9,519 സജീവ കൊവിഡ് രോഗികളാണ് പുതുച്ചേരിയിൽ ഉള്ളത്. 31,907 ഹെൽത്ത് കെയർ ഉദ്യോഗസ്ഥർക്കും 18,591 ആരോഗ്യ പ്രവർത്തകർക്കുമാണ് ഇതുവരെ പ്രതിരോധ കുത്തിവയ്പ് നൽകിയത്.
അതേസമയം, ആർടി-പിസിആർ പരിശോധനയ്ക്കായി 500 രൂപയിൽ കൂടുതൽ ഈടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ലഫ്റ്റനന്‍റ് ഗവർണർ തമിഴിസൈ സൗന്ദർരാജൻ പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ്, ഇന്ദിരാഗാന്ധി സർക്കാർ ജനറൽ ആശുപത്രി തുടങ്ങിയവയിൽ നിന്ന് ആളുകൾക്ക് സൗജന്യമായി കൊവിഡ് പരിശോധനകൾ നടത്താനാകും.