ഇപ്പോഴും കൊറോണ വൈറസ് ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് കൊവിഡിൽ നിന്ന് സ്വയം സംരക്ഷിക്കാനുള്ള ഏക മാർഗം. ലോകത്ത് കൊറോണ വൈറസിന് തുടർച്ചയായി വകഭേദങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ വാക്‌സിൻ വിതരണം എല്ലാവരിലും കൃത്യമായി എത്തിക്കുകയെന്നതാണ് ആഗോള സമൂഹത്തിന് മുന്നിലുള്ളതെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് അടുത്തിടെ അഭിപ്രായപ്പെട്ടത്. പത്ത് ലോക രാജ്യങ്ങളാണ് 75ശതമാനം കൊവിഡ് വാക്‌സിനും ഉപയോഗിച്ചതെന്ന് അദ്ദേഹം വിമർശനം ഉന്നയിച്ചു.
ലോകത്താകമാനം കൊറോണ വൈറസിന് വകഭേദങ്ങൾ സംഭവിക്കുമ്പോൾ വാക്‌സിൻ വിതരണം മെച്ചപ്പെടുത്തുകയും ജനിതകമാറ്റം സംഭവിക്കുന്ന പ്രക്രിയയെ മന്ദീഭവിപ്പിക്കുകയുമാണ് ചെയ്യേണ്ടതെന്ന് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. ജനിതകഘടനയിൽ വരുന്ന മാറ്റങ്ങൾ പഠനങ്ങൾക്ക് വിധേയമാകുന്നുണ്ടെങ്കിലും വിശദമായ പഠനങ്ങൾ ഈ മേഖലയിൽ ആവശ്യമായുണ്ട്. ജനിതകമാറ്റം സംഭവിച്ച സാഴ്‌സ് കോവ് 2 വൈറസിന്‍റെ ജനിതക ഘടനയിൽ കാര്യമായ ജനിതകമാറ്റം സംഭവിച്ചിട്ടില്ല. യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, കാലിഫോർണിയ എന്നിവിടങ്ങളിൽ വകഭേദം സംഭവിച്ച കൊറോണ വൈറസിന് ഏകദേശം ഒരേ ജനിതകഘടനയാണ് ഉള്ളത്. എന്നാൽ രോഗബാധ പടരാനുള്ള സാധ്യതകൾ കൂടുതലാണ്.
വകഭേദങ്ങൾ സംഭവിച്ച കൊറോണ വൈറസിലെ പ്രോട്ടീൻ മനുഷ്യ ശരീരത്തിലെ മൂക്ക്, ശ്വാസകോശം, അടക്കമുള്ള ശരീര ഭാഗങ്ങളിൽ ചേരാനുള്ള പ്രവണത കൂടുതലാണെന്ന് സാഴ്‌സ് കോവ് 2 വൈറസിനെപ്പറ്റി പഠിക്കുന്ന റോബര്‍ട്ട് ബോളിങ്ങര്‍ തന്‍റെ ബുക്കിൽ പറയുന്നു. ഈ വകഭേദങ്ങൾ ശരീര ഭാഗങ്ങളിൽ പറ്റിപ്പിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും ഇത് ആളുകളിലേക്ക് പടരാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നതാണ്. ചൈനയിൽ കണ്ടെത്തിയ വകഭേദത്തേക്കാൾ വേഗത്തിൽ യുകെ വകഭേദം പടരുന്നുണ്ട്.
എന്നാൽ ഈ സാഹചര്യത്തിൽ പേടിക്കേണ്ട ആവശ്യകതയുണ്ടോ? ഇന്ത്യയിൽ ഇതിനകം തന്നെ യുകെ വകഭേദമായ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ വകഭേദവും ബ്രസീലിയൽ വകഭേദമായ കൊവിഡ് കേസും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തു കഴിഞ്ഞു. ഈ സാഹചര്യത്തിൽ പേടിക്കുകയല്ല വേണ്ടതെന്നും ഇതുവരെ പിന്തുടർന്ന കൊവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പിന്തുടരുകയാണ് വേണ്ടതെന്നും ആരോഗ്യ വിഗദ്‌ധർ പറയുന്നു. മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും കൈകൾ കൃത്യമായി സാനിറ്റൈസ് ചെയ്‌തും രോഗം പകരുന്ന സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കുകയാണ് ജനം ചെയ്യേണ്ടത്. കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർ പോലും ഈ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ വിദഗ്‌ധർ പറഞ്ഞുവെക്കുന്നു.
കൊവിഡ് വാക്‌സിനുകൾ സ്വീകരിച്ചവരുടെ പ്രതിരോധശേഷി പുതുതായി വകഭേദം സംഭവിച്ച കൊവിഡ് വൈറസുകൾക്ക് നേരെ പൂർണമായി പ്രവർത്തിക്കുന്നില്ലെന്ന് ജോൺ ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റിയിലെ സാഴ്‌സ് കോവ് 2 നെപ്പറ്റി പഠിക്കുന്ന ആരോഗ്യ വിദഗ്‌ധൻ സ്റ്റുവേർട് റെ തന്‍റെ പബ്ലിക്കേഷനിൽ പറയുന്നു.
ഇന്ത്യയുടെ പാത കൂടുതൽ അവതാളത്തിലാകുമോ?
കഴിഞ്ഞ ഒരാഴ്ചയില്‍ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏറെ വർധിച്ചതായി കണ്ടു വരുന്നു. കേരളത്തില്‍ പ്രതിദിനമുണ്ടാകുന്ന കേസുകളുടെ എണ്ണം 5000ത്തിനടുത്ത് നിലനിൽക്കുമ്പോൾ കര്‍ണാടകയിലും മഹാരാഷ്ട്രയിലും പ്രതിദിന കേസുകളിൽ വലിയ കുറവാണ് സംഭവിച്ചിട്ടുള്ളത്. കേരള സർക്കാർ കൊവിഡ് പരിശോധകൾ വർധിപ്പിച്ചെങ്കിലും ഏതാണ്ട് സമാനമായ രീതിയിൽ തന്നെയാണ് പുതിയ കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവ് സംഭവിക്കുന്നുണ്ട്. എന്നാൽ കര്‍ണാടകയിലും മഹാരാഷ്ട്രയിലും പ്രതിദിനം നടത്തിയിരുന്ന പരിശോധനകളുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്നും 60000മാക്കി വെട്ടി ചുരുക്കിയെങ്കിലും ഇവിടങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയാണ് ചെയ്യുന്നത്.
പ്രതിരോധ വാക്‌സിൻ കുത്തിവെയ്പ്പ് നടപടികൾക്ക് തുടക്കം കുറിച്ചതും പല ഘട്ടങ്ങളിലായി ഇളവുകള്‍ കൊണ്ടു വരികയും ചെയ്തതോടെ രോഗബാധയെകുറിച്ച് ജനങ്ങളില്‍ ഒരു പേടിയില്ലായ്മ വളര്‍ന്നു വന്നിട്ടുണ്ട് എന്ന് നിരീക്ഷിക്കപ്പെടുന്നു. അതിനാല്‍ ജനങ്ങള്‍ പ്രതിരോധ നടപടികള്‍ അച്ചടക്കത്തോടെ പാലിക്കുന്നതിനും വിമുഖത കാട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ ഫലമായി വൈറസ് ബാധ ഉണ്ടോ എന്നറിയുന്നതിനായി സ്വമേധയാ പരിശോധനക്കെത്തുന്നവരുടെ എണ്ണവും കുറഞ്ഞതോടെ വൈറസ് കൂടുതല്‍ എളുപ്പം വ്യാപിക്കുവാന്‍ ഇടവരുന്നു. പൊതു ജനങ്ങള്‍ പരസ്പരം ഇടപഴകുന്നത് പരിമിതപ്പെടുത്തുവാന്‍ ലോക്ക്ഡൗൺ വീണ്ടും കൊണ്ടു വരണമോ എന്നു ചിന്തിക്കാൻ പല സംസ്ഥാനങ്ങളിലെയും ഭരണകൂടങ്ങള്‍ നിർബന്ധിതരാകുന്നുണ്ട്.
എന്നാല്‍ മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, കൈ കഴുകല്‍ എന്നിങ്ങനെ വ്യക്തിപരമായി സ്വീകരിക്കുന്ന പ്രതിരോധ നടപടികള്‍ തന്നെ ധാരാളമാണ് രോഗ വ്യാപനത്തെ തടുത്തു നിര്‍ത്താന്‍ എന്നാണ് വൈദ്യശാസ്ത്ര വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്തവരും വ്യക്തിപരമായ രീതിയില്‍ കൈകൊള്ളേണ്ട പ്രതിരോധ നടപടികള്‍ ഇനിയും തുടരേണ്ടതാണ്. പ്രത്യേകിച്ച് വൈറസിന്‍റെ പുതിയ രൂപത്തിനെതിരെയുള്ള നിലവിലുള്ള പ്രതിരോധ കുത്തിവെയ്പ്പിന്‍റെ ഫലവത്തതയെ കുറിച്ച് ഇനിയും ഒരു അവസാന തീര്‍പ്പ് കല്‍പ്പിക്കുവാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ പ്രതിരോധ നടപടികള്‍ കർശനമായും പാലിക്കുന്നുണ്ട് എന്ന് അതാത് ആരോഗ്യ വകുപ്പുകള്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്.
രോഗം കൂടുതല്‍ വ്യാപിക്കുന്നത് കൂടുതല്‍ മരണങ്ങളും സൃഷ്ടിക്കും എന്നുള്ള കാര്യം ഉറപ്പാണ്. വകഭേദം സംഭവിച്ച വൈറസാണോ അല്ലാത്തതാണോ എന്നുള്ളതൊന്നും അതിന് ബാധകമല്ല. വൈറസ് ജനിതകമായി രൂപപരിണാമം സംഭവിച്ച് കൂടുതല്‍ മാരകമായി മാറുമെന്നതിനെ കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ല ജനങ്ങള്‍ എന്നാണ് വൈദ്യശാസ്ത്ര വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്. കൂടുതല്‍ ഗുരുതരമായ കൊവിഡ്-19 രോഗം സൃഷ്ടിക്കുന്ന കാര്യത്തില്‍ ജനിതകമായി മാറ്റം സംഭവിച്ച വൈറസുകള്‍ കൂടുതല്‍ കരുത്തുറ്റതോ അല്ലെങ്കില്‍ അപകടകാരികളോ ആണെന്നുള്ള കാര്യം തീരുമാനിക്കുവാനുള്ള വ്യക്തമായ സൂചനകളൊന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് റോബര്‍ട്ട് ബോളിങ്ങര്‍ പറഞ്ഞത്. മാത്രമല്ല, കൂടുതല്‍ മാരകമാക്കുന്ന വിധത്തില്‍ ഒരു വൈറസിന് സംഭവിക്കുന്ന ജനിതകമായ മാറ്റം അതിവേഗം പടര്‍ന്നു പിടിക്കുവാനുള്ള അവയുടെ കഴിവിനെ ഇല്ലാതാക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു.
സാഴ്‌സ് കോവ് -2 കൊറോണ വൈറസിന്‍റെ പുതിയ വകഭേദങ്ങൾ ഓരോ ആഴ്ചയിലും കണ്ടെത്തികൊണ്ടിരിക്കുന്നുണ്ട്. മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ അത് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന കാലത്തോലം ജനിതക മാറ്റവും സംഭവിച്ചു കൊണ്ടിരിക്കുമെന്നാണ് പറയുന്നത്. ഭൂമിശാസ്ത്രപരമായ വേര്‍തിരിവാണ് ജനിതകമായി തീര്‍ത്തും വ്യത്യസ്തമായ രൂപപരിണാമങ്ങള്‍ക്ക് കാരണമാകുന്നത്. അതിനാല്‍ വൈറസിന്‍റെ വ്യാപനം കുറയ്ക്കുക എന്നുള്ളത് മാത്രമാണ് അവയുടെ പുതിയ രൂപങ്ങള്‍ വികസിതമാകുന്നത് തടയുവാനുള്ള ഫലപ്രദമായ ഏക വഴി.
അതിനാല്‍ കൂടുതല്‍ ജാഗരൂകമാവുകയും സംഭവിക്കാൻ സാധ്യതയുള്ള രോഗ ബാധക്കെതിരെ പ്രതിരോധ നടപടികള്‍ തരിമ്പുപോലും കുറയ്ക്കാതിരിക്കുകയും ചെയ്യേണ്ട സമയമാണിത്. അതുപോലെ വ്യത്യസ്തമായ ലക്ഷണങ്ങളും ഉണ്ടോ എന്ന് ജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പുതിയ വൈറസ് രൂപങ്ങള്‍ വ്യത്യസ്തമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നതിനാല്‍ ആളുകള്‍ സ്വയം പരിശോധനക്ക് വിധേയരാകാന്‍ തയ്യാറാകണം.
മണം നഷ്ടപ്പെടല്‍, പനി, ചുമ എന്നിങ്ങനെയുള്ള ചൈനീസ് വൈറസ് രൂപത്തിന്‍റെ എല്ലാം തികഞ്ഞ ലക്ഷണങ്ങള്‍ പുതിയ വൈറസ് ബാധിക്കുന്നവരില്‍ ഒരുപക്ഷെ കണ്ടേക്കില്ല. പേശീ വേദന (മയാല്‍ഗിയ), വിട്ടുമാറാത്ത കടുത്ത ക്ഷീണം, തളര്‍ച്ച എന്നിവയൊക്കെയാണ് പുതിയ വൈറസ് രൂപങ്ങളുമായി ബന്ധപ്പെട്ടുള്ള പുതിയ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉണ്ടെന്ന് കണ്ടാല്‍ ജനങ്ങള്‍ പരിശോധനക്ക് വിധേയമാകേണ്ടതും കൂടുതല്‍ വ്യാപനം സംഭവിക്കുന്നത് ഒഴിവാക്കുന്നതിനായി സ്വയം ഒറ്റപ്പെട്ട് കഴിയേണ്ടതും പ്രധാനമാണ്. ഇന്ത്യ അതിന്റെ സുരക്ഷാ മതില്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും വ്യക്തിപരമായി പാലിക്കേണ്ട പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്. മാസ്‌കുകള്‍ ധരിക്കൽ, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കൽ, കൈകള്‍ ശുദ്ധമാക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വൈറസും അതിന്റെ പുതിയ രൂപങ്ങളും സമൂഹത്തില്‍ നിന്നും അപ്രത്യക്ഷമാകുന്നതുവരെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കേണ്ടതാണ്.
- കെ പ്രവീൺ കുമാർ (ന്യൂസ് കോ ഓര്‍ഡിനേറ്റര്‍, ഇടിവി ഭാരത്)