ന്യൂഡല്‍ഹി: യുകെയിൽ നിന്നും ബ്രസീലിൽ നിന്നും ഓരോ കൊവിഡ് വകഭേദങ്ങള്‍ സ്ഥിരീകരിച്ചതായി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു. വാക്സിനുകൾക്ക് കൊറോണ വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കാനും മരണനിരക്ക് കുറയ്ക്കാനും കഴിയും. ഇപ്പോഴുള്ള കൊവിഡ് വാക്‌സിനുകൾ പുതിയ വകഭേദങ്ങൾക്കെതിരെ ഫലപ്രദമായേക്കാം. എന്നാൽ അവയുടെ കാര്യക്ഷമത കുറയാൻ സാധ്യതയുണ്ടെന്നും ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.
പുതിയ വകഭേദങ്ങളുടെ ഭീഷണി നിലനിൽക്കുന്നതിനാൽ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങൾ ജീവിതത്തിന്‍റെ ഭാഗമാക്കുകയാണ് പോംവഴി. പരിശോധന വര്‍ധിപ്പിക്കണം. ക്വാറന്‍റൈന്‍ ഉൾപ്പടെയുള്ള നടപടികൾ തിരികെ കൊണ്ടുവരേണ്ടതുണ്ട്. വാക്‌സിൻ കുത്തിവയ്‌പെടുക്കേണ്ടതും പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ആർജിത പ്രതിരോധ ശേഷി എന്നത് ഒരു 'മിത്ത്' ആണ്. വൈറസിൽ നിന്ന് പൂർണമായും മോചനം വേണമെങ്കിൽ 80 ശതമാനം പേരിലെങ്കിലും ആന്‍റിബോഡി രൂപപ്പെടണം. എന്നാൽ പുതിയ വൈറസ് വകഭേദം വ്യാപിച്ചാൽ ഇത് അസാധ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.