ഹൈദരാബാദ്: രാജ്യ തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് ഇന്ത്യ ഗേറ്റിൽ 28 അടി ഉയരമുള്ള നേതാജി സുഭാഷ് ചന്ദ്രബോസ് പ്രതിമ ഉദ്‌ഘാടനത്തിനൊരുങ്ങുമ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് തെലങ്കാനയിലെ ഖമ്മം ജില്ല കൂടിയാണ്. ഇന്ന് (08.09.2022) വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം നടത്തുന്ന നേതാജിയുടെ പ്രതിമക്ക് പൂര്‍ണത നല്‍കുക ഖമ്മം ജില്ലയില്‍ നിന്നുള്ള കരിങ്കല്ലാണ്. ദേശീയ പൊലീസ് സ്മാരകത്തിലും, മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ ശവകുടീരത്തിലും ഇതിനകം സ്ഥാനംപിടിച്ച ഈ കല്ലുകള്‍ ഇനി ഒരു ചരിത്ര നിര്‍മിതിയുടെ കൂടി ഭാഗമാകും.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിൽ അതുല്യമായ പങ്ക് വഹിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജ്വലിക്കുന്ന ഓര്‍മകള്‍ പുതുതലമുറക്ക് കൂടി എത്തിക്കുന്നതിനായി ഇന്ത്യ ഗേറ്റിൽ അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ജനുവരിയില്‍ അറിയിച്ചിരുന്നു. ഇതിന്‍റെ നിര്‍മിതിക്കായി 1665 കിലോമീറ്റർ അകലെയുള്ള ഖമ്മം ജില്ലയിൽ നിന്ന് 140 ചക്രങ്ങളുള്ള 100 അടി ലോറിയിൽ 280 മെട്രിക് ടൺ മോണോലിത്തിക്ക് ഗ്രാനൈറ്റ് കല്ല് ഡൽഹിയിലെത്തിച്ചു. ഇതുപയോഗിച്ച് 65 മെട്രിക് ടൺ ഭാരമുള്ള 28 അടി പ്രതിമ നിർമ്മിക്കാൻ ശില്‍പികള്‍ ചെലവഴിച്ചത് 26,000 മണിക്കൂറിന്‍റെ അധ്വാനം കൂടിയാണ്.
കർണാടകയില്‍ നിന്നുള്ള പ്രശസ്‌ത യുവ ശില്‍പി അരുൺ യോഗിരാജിന്റെ മാർഗനിർദേശപ്രകാരം ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് പരമ്പരാഗത ഇന്ത്യൻ ശൈലിയിലാണ് പ്രതിമ നിര്‍മിച്ചത്. മാത്രമല്ല, രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ഏകശിലാ പ്രതിമകളിൽ ഒന്നുകൂടിയാണിത്. പ്രതിമയുടെ അനാച്ഛാദന വേളയില്‍ മണിപ്പൂരി കൊഞ്ച വാദ്യം, കേരള പഞ്ചവാദ്യം, ചെണ്ട എന്നിവ ചടങ്ങിന് ഭംഗി കൂട്ടും. മാത്രമല്ല, ഏക് ഭാരത് ശ്രേഷ്ഠ ഭാരതിന്റെ ആവേശം ഉള്‍ക്കൊണ്ട് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 500 കലാകാരന്മാരുടെ നൃത്തരൂപങ്ങൾ അരങ്ങേറും.
ചടങ്ങിന്‍റെ ഭാഗമായി പുതുതായി നിർമിച്ച ആംപി തിയേറ്ററിൽ മുപ്പതോളം കലാകാരന്മാരുടെ പരമ്പരാഗത നാടോടി നൃത്തവും, ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യദിനവേളയില്‍ പത്മഭൂഷൺ പണ്ഡിറ്റ് ശ്രീകൃഷ്ണ രതഞ്ജങ്കർജി രചിച്ച മംഗൾഗാന, പണ്ഡിറ്റ് സുഹാശ്വശി ഗ്രൂപ്പിലെ ഗായകരും സംഗീതജ്ഞരും ചേര്‍ന്ന് ആലപിക്കും. മാത്രമല്ല, പ്രതിമയുടെ അനാച്ഛാദനത്തിന്‍റെ ഭാഗമായി 8, 9, 10, 11 തീയതികളിൽ നേതാജിയുടെ ജീവിതത്തെക്കുറിച്ചുള്ള പ്രത്യേക ഡ്രോൺ ഷോകളും പത്ത് മിനിറ്റ് പ്രദർശിപ്പിക്കും.