ന്യൂഡൽഹി : ജനുവരി ഒന്ന് മുതൽ ആറ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ചൈന, ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കാണ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.
ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്നവർ ആർടിപിസിആർ പരിശോധനാഫലം സർക്കാരിന്‍റെ എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഇന്ത്യയിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ പരിശോധനകൾ നടത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
അതേസമയം ചൈനയിലും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തും കൊവിഡ് മാർഗനിർദേശങ്ങൾ കർശനമാക്കുന്നുണ്ട്. സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഏത് സാഹചര്യവും നേരിടാൻ തയ്യാറെടുക്കാന്‍ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ALSO READ: മാസ്‌ക് ധരിക്കുന്നത് നിർബന്ധമല്ല, അടുത്ത 30 ദിവസങ്ങൾ നിർണായകം: കേന്ദ്ര ആരോഗ്യ മന്ത്രി
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം വ്യാഴാഴ്‌ച 268 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 3,552 ആയി ഉയർന്നു. നിലവിൽ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.11 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.17 ശതമാനവുമാണ്.