മുംബൈ : ശിവസേന പിളര്‍പ്പിന് പിന്നാലെയാണ് മഹാരാഷ്‌ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ - ദേവേന്ദ്ര ഫഡ്‌നാവിസ് സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചത്. ശിവസേന എന്ന പാർട്ടി പേരും ചിഹ്നവും ഷിൻഡെ വിഭാഗത്തിന് ലഭിച്ചതിന് പിന്നാലെ ഉദ്ധവ് താക്കറെ പക്ഷത്തെ നിരവധി പേരാണ് അവിടേക്ക് പറിച്ച് നടപ്പെട്ടത്. കഴിഞ്ഞ മാസമാണ് എംഎല്‍സി മനീഷ കയാണ്ഡെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേര്‍ന്നത്.
ഇതിനെതിരെ താക്കറെ വിഭാഗം നേതാക്കള്‍ ആഞ്ഞടിച്ചിരുന്നു. ഇതിന് പുറമെ താക്കറെയുടെ അടുത്തയാളായ ശിവസേന (യുബിടി) നേതാവ് നീലം ഗോര്‍ഹെ ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്നത് ക്യാംപിനെ ഞെട്ടിച്ചിരിക്കുകയാണ്. താക്കറെ വിഭാഗത്തില്‍ നിന്ന് ചാടിയ നീലം ഗോര്‍ഹെ ഇന്നാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ പക്ഷത്ത് ചേര്‍ന്നത്.
ഷിന്‍ഡെ വിഭാഗത്തിലേക്ക് കൂറുമാറിയ നീലം ഗോര്‍ഹെ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ശിവസേനയില്‍ ചേര്‍ന്നത്. എന്‍സിപി പിളര്‍ന്നതിന് പിന്നാലെ അജിത് പവാര്‍ സംസ്ഥാന സര്‍ക്കാരില്‍ ചേര്‍ന്നത് മുതല്‍ ഷിന്‍ഡെ വിഭാഗത്തില്‍ നിന്നുള്ള നിരവധി എംഎല്‍എമാര്‍ തന്‍റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സഞ്ജയ് റാവത്ത് അവകാശപ്പെട്ടതിന് പിന്നാലെയാണ് ഈ കൂറുമാറ്റം.
നീലം ഗോര്‍ഹെ ഷിൻഡെ ഗ്രൂപ്പിൽ ചേരുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഒരു വർഷം മുമ്പ് ആരംഭിച്ചിരുന്നു. ഇതിന് പ്രധാന കാരണമായത് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിയമസഭ സമ്മേളനത്തില്‍ ഗോര്‍ഹെയെ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ചില എംഎല്‍എമാര്‍ ഉദ്ധവ് താക്കറെയ്‌ക്കും പാര്‍ട്ടിക്കും പരാതി നല്‍കിയതാണ്. അതുമായി ബന്ധപ്പെട്ട് താക്കറെ ഗോര്‍ഹെയോട് പരുഷമായി സംസാരിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് ശേഷം ഗോര്‍ഹെ ഏറെ അസ്വസ്ഥയായിരുന്നു. ഇപ്പോള്‍ താക്കറെ പക്ഷത്തിനേറ്റ വലിയ തിരിച്ചടിയാണ് ഗോര്‍ഹെയുടെ കൂറുമാറ്റം.
അംഗത്വത്തിന് പിന്നാലെ പ്രതികരിച്ച് നീലം ഗോര്‍ഹെ : ഷിന്‍ഡെ വിഭാഗമാണ് യഥാര്‍ഥ ശിവസേനയെന്നും അതുകൊണ്ടാണ് തന്‍റെ കാല്‍വയ്‌പ്പെന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ നീലം ഗോര്‍ഹെ പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ ഭാഗമാണ് ശിവസേനയെന്നും ഇക്കാരണങ്ങളാണ് തന്നെ അവിടേക്ക് അടുപ്പിച്ചതെന്നും ഗോര്‍ഹെ പറഞ്ഞു.
ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി സ്‌പീക്കർ നീലം ഗോർഹെ ഷിൻഡെ ഗ്രൂപ്പിലെത്തിയതോടെ ആ പക്ഷത്ത് എംഎൽഎമാരുടെ എണ്ണം മൂന്നായി ഉയര്‍ന്നു.