ജയ്പൂര്‍: പര്‍ദ സമ്പ്രദായം പോലെയുള്ള സാമൂഹ്യതിന്മകള്‍ അവസാനിപ്പിക്കേണ്ടത് അനിവാര്യതയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സമൂഹത്തില്‍ തുടരുന്ന ഈ ദുരാചാരം അവസാനിപ്പിക്കാന്‍ തന്‍റെ സര്‍ക്കാര്‍ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സന്നദ്ധ സംഘടനകള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും ഈ പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്ക് വഹിക്കാനാകുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.കസ്തൂര്‍ബാ ജയന്തിയോടനുബന്ധിച്ച് നടത്തിയ വനിതാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ പുതിയ വനിതാനയം, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ നാഴികക്കല്ലാകുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. എല്ലാ മേഖലകളിലും വനിതകള്‍ക്ക് തുല്ല്യത ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതിനെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ശാക്തീകരണത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തു. മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. സര്‍ക്കാരിനൊപ്പം സമൂഹവും ഇതേ ലക്ഷ്യങ്ങളുമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.