ന്യൂഡല്‍ഹി: ദേശീയ ദുരന്ത നിവാരണ സേനയുടെ ധൈര്യവും കര്‍മനിരതയും അങ്ങേയറ്റം പ്രചോദനാത്മകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 16ാമത് ദേശീയ ദുരന്ത നിവാരണ സേന ദിനത്തോടനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
നിരവധി രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ നടപടികളിലും ദേശീയ ദുരന്ത നിവാരണ സേന മുൻപന്തിയിലുണ്ടെന്ന് മോദി പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെ കഠിനാധ്വാനികളെന്ന് വിശേഷിപ്പിച്ച മോദി അവരെ അഭിനന്ദിക്കുകയും ചെയ്‌തു.
'ദേശീയ ദുരന്ത നിവാരണ സേനയുടെ ധൈര്യവും കര്‍മ്മനിരതയും അങ്ങേയറ്റം പ്രചോദനാത്മകമാണ്. അവരുടെ ഭാവി യത്നങ്ങൾക്ക് ആശംസകൾ,' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ദുരന്തനിവാരണമെന്നത് സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം സുപ്രധാന വിഷയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്‍ഡിആര്‍എഫിന്‍റെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗവേഷണം നടത്തുമെന്നും മോദി വ്യക്തമാക്കി.
ദേശീയ ദുരന്ത നിവാരണ സേന രൂപീകൃതമായ ജനുവരി 19നാണ് എന്‍ഡിആര്‍എഫ് റെയ്‌സിങ് ഡേ ആയി ആചരിക്കുന്നത്. 2006 ജനുവരി 19നാണ് എൻഡിആർഎഫ് നിലവിൽ വന്നത്.
Also read: വിജയ് മല്യയെ ലണ്ടനിലെ ആഡംബര വസതിയിൽ നിന്ന് പുറത്താക്കിയേക്കും