ന്യൂഡൽഹി : 2021ലെ വാഹനാപകടങ്ങളുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ഇരുചക്ര യാത്രികരെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ(എൻസിആർബി). 2021ൽ 1,55,622 പേർക്ക് റോഡപകടങ്ങൾ മൂലം ജീവൻ നഷ്‌ടപ്പെട്ടു. ഇതിൽ 70,000 പേർ ഇരുചക്രവാഹനാപകടത്തിൽപെട്ട് ജീവൻ നഷ്‌ടമായവരാണെന്ന് എൻസിആർബി റിപ്പോർട്ട്.
2021-ൽ ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതൽ മാരകമായ റോഡപകടങ്ങൾ സൃഷ്‌ടിച്ചത്. മൊത്തം റോഡപകടങ്ങളിൽ ഏകദേശം 44.5 ശതമാനവും ഇരുചക്രവാഹനങ്ങൾ മൂലമാണുണ്ടായത്. 15.1 ശതമാനം കാറുകളും (23,531 മരണം), 9.4 ശതമാനം ലോറികൾ (14,622 മരണം) എന്നിങ്ങനെയാണ് എൻസിആർബിയുടെ കണക്കുകൾ. ഇരുചക്ര വാഹനാപകടങ്ങൾ മൂലമുള്ള മരണങ്ങളിൽ ഭൂരിഭാഗവും തമിഴ്‌നാട്ടിലും, ഉത്തർപ്രദേശിലുമാണ്.
8,259 മരണങ്ങളാണ് തമിഴ്‌നാട്ടിലുണ്ടായത്. ഉത്തർപ്രദേശിൽ 7,429 മരണങ്ങൾ സംഭവിച്ചു. കാർ, ജീപ്പ് തുടങ്ങിയ വാഹനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ഉത്തർപ്രദേശിൽ 17.2 ശതമാനവും, മധ്യപ്രദേശിൽ 23.4 ശതമാനവും റിപ്പോർട്ട് ചെയ്‌തു. ഉത്തർപ്രദേശിലും തമിഴ്‌നാട്ടിലും യഥാക്രമം 28.9 ശതമാനവുമാണ്.
ഭൂരിഭാഗം അപകടങ്ങളും രാത്രിയിൽ : ബസുകൾ മൂലമുണ്ടാകുന്ന റോഡപകടങ്ങൾ 11.9 ശതമാനം റിപ്പോർട്ട് ചെയ്യപ്പെട്ടു. 2021ൽ ബിഹാറിൽ റോഡപകടങ്ങളിൽ 14.8 ശതമാനം കാൽനടയാത്രക്കാർ മരിച്ചു. മൊത്തം റോഡപകടങ്ങളുടെ 20.2 ശതമാനമാണ് രാത്രിയിൽ സംഭവിച്ചത്. തമിഴ്‌നാട്ടിൽ 14,415 കേസുകളും, മധ്യപ്രദേശിൽ 9,798 കേസുകളും, കേരളത്തിൽ 6,765 കേസുകളും രാത്രിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൊത്തം റോഡപകടങ്ങളുടെ 10 ശതമാനം ജനുവരിയിലായിരുന്നു.
ദേശീയ പാതകളിലെ റോഡപകടങ്ങൾ: റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ദേശീയ പാതകളിലാണ്. 34.5 ശതമാനമാണിത്. ആകെ 1,55,622 മരണങ്ങളിൽ 53,615 മരണങ്ങൾ ദേശീയ പാതകളിലെ അപകടങ്ങളിലാണ്. തുടർന്ന് സംസ്ഥാന പാതകളിൽ 25.1 ശതമാനം (39,040 മരണങ്ങൾ) റിപ്പോർട്ട് ചെയ്യപ്പെട്ടു.
ദേശീയ പാതകളിലെ റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ മരണം ഉത്തർപ്രദേശിലാണ് സംഭവിച്ചത് (13.5 ശതമാനം). 53,615 മരണങ്ങളിൽ 7,212 ഉം ഉത്തർപ്രദേശിലാണ്. തമിഴ്‌നാട് 10 ശതമാനം മരണം റിപ്പോർട്ട് ചെയ്‌തു (5,360 മരണങ്ങൾ). മഹാരാഷ്ട്രയിൽ 7.5 ശതമാനവും രാജസ്ഥാനിൽ (6.8 ശതമാനം) 3,653 മരണങ്ങളും ആന്ധ്രാപ്രദേശിൽ (6.7 ശതമാനം) 3,602 മരണങ്ങളും രേഖപ്പെടുത്തി.
സംസ്ഥാന പാതകളിലെ റോഡപകടങ്ങൾ : രാജ്യത്ത് സംസ്ഥാനപാതകളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിച്ചത് തമിഴ്‌നാട്ടിലാണ് (18,560 കേസുകൾ). സംസ്ഥാന പാതകളിലെ റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത് ഉത്തർപ്രദേശിലാണ് (39,040 മരണങ്ങളിൽ 5,891). ഇത് സംസ്ഥാന പാതകളിലെ റോഡപകടങ്ങൾ മൂലമുള്ള മൊത്തം മരണങ്ങളുടെ 15.1 ശതമാനമാണ്. തമിഴ്‌നാട്ടിൽ മരിച്ചത് 5,067പേരാണ്(13 ശതമാനം).
ഉത്തർപ്രദേശിൽ 71.2 ശതമാനം (1,356 ൽ 965), ഹരിയാന (9.3 ശതമാനം), മഹാരാഷ്ട്ര (6.4 ശതമാനം), പഞ്ചാബ് (3.2 ശതമാനം), പശ്ചിമ ബംഗാൾ (3.0 ശതമാനം) എന്നിങ്ങനെയാണ് എക്‌സ്‌പ്രസ് വേകളിലെ മരണങ്ങളുടെ റിപ്പോർട്ട്.