മുംബൈ: മഹാരാഷ്‌ട്രയില്‍ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത വിമത എന്‍സിപി നേതാവ് അജിത് പവാറിന് ഏക്‌നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ ധനകാര്യ വകുപ്പ് ലഭിച്ചേക്കുമെന്ന് സൂചന. എന്‍ഡിഎയില്‍ ചേര്‍ന്ന അജിത് പവാര്‍ ഇന്നലെ (03 ജൂലൈ) ദിവസം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസുമായി വകുപ്പ് വിഹിതം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ഔദ്യോഗിക വസതിയിലായിരുന്നു ഇവരുടെ കൂടിക്കാഴ്‌ച.
അജിത് പവാറിനൊപ്പം എട്ട് എന്‍സിപി നേതാക്കളും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തിട്ടുണ്ട്. മുന്‍പ് വിവിധ മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്‌തിട്ടുള്ള വ്യക്തി കൂടിയാണ് അജിത് പവാര്‍. ഉപമുഖ്യമന്ത്രി ആയിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസ് കൈകാര്യം ചെയ്‌തിരുന്ന ധനകാര്യവകുപ്പ് നിലവില്‍ അജിത് പവാറിന് ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
സാധ്യതകള്‍ ഇങ്ങനെ: ജലവിഭവവകുപ്പ്, വൈദ്യുതി, ധനകാര്യം എന്നീ വകുപ്പുകളാണ് അജിത് പവാര്‍ മുന്‍പ് വിവിധ സര്‍ക്കാരുകളില്‍ കൈകാര്യം ചെയ്‌തിട്ടുള്ളത്. ഷിന്‍ഡെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ധനകാര്യ വകുപ്പും അദ്ദേഹത്തിന് ലഭിക്കാനാണ് സാധ്യത. ഒബിസി നേതാവായ ഛഗൻ ഭുജ്ബലിന് ഭക്ഷ്യ സിവിൽ സപ്ലൈസും ഉപഭോക്തൃ കാര്യ വകുപ്പും ലഭിച്ചേക്കാം.
മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി കൂടിയായ ദിലീപ് വാൽസെ പാട്ടീലിന് ഭവനവകുപ്പ് ലഭിക്കാനാണ് സാധ്യത. കോലാപ്പൂർ ജില്ലയിൽ നിന്നുള്ള ഹസൻ മുഷ്‌രിഫിന് ന്യൂനപക്ഷ വകുപ്പ് നൽകിയേക്കും. അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ അനന്തരവൻ ധനഞ്ജയ് മുണ്ടെ കായിക യുവജനക്ഷേമ മന്ത്രിയാകാനാണ് സാധ്യത.
മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് അനില്‍ പാട്ടീലിനും ധർമറാവുബാബ അത്രം മറ്റ് പിന്നാക്ക വിഭാഗ (ഒബിസി) ക്ഷേമ മന്ത്രിയായേക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സഞ്ജയ് ബൻസോഡെക്ക്- സാമുഹ്യനീതി വകുപ്പ്, അദിതി തത്കരെയ്ക്ക് വനിത ശിശുക്ഷേമ വകുപ്പ് ലഭിക്കാൻ സാധ്യതയുണ്ട്. ഞായറാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത ഏക വനിത നേതാവാണ് അദിതി.
മഹാരാഷ്‌ട്രയില്‍ പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാര്‍ ജൂലൈ രണ്ടിനാണ് തന്നെ പിന്തുണയ്‌ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം എന്‍ഡിഎയില്‍ ചേര്‍ന്നത്. പിന്നാലെ അജിത് പവാര്‍ ഷിന്‍ഡെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായും എട്ട് എംഎല്‍എമാര്‍ മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. ഇതിന് പിന്നാലെ എന്‍സിപി ഇവരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സ്‌പീക്കര്‍ക്ക് നല്‍കുകയും ചെയ്‌തിരുന്നു.
വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പോരാടണമെന്ന് ശരദ് പവാര്‍: മഹാരാഷ്‌ട്രയിലും രാജ്യത്തും വര്‍ഗീയ ചേരിതിരിവ് സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായി തന്നെ പോരാടണം എന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞിരുന്നു. മറ്റുപാര്‍ട്ടികളെ തകര്‍ക്കാനുള്ള ബിജെപിയുടെ തന്ത്രത്തില്‍ എന്‍സിപിയിലെ ചിലര്‍ ഇരകളായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.