മുംബൈ: രാജ്യത്തും മഹാരാഷ്ട്രയിലും വർഗീയ ചേരിതിരിവ് സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പോരാടേണ്ടത് അത്യാവശ്യമെന്ന് എൻസിപി (NCP) അധ്യക്ഷന്‍ ശരദ് പവാര്‍ (Sharad Pawar). കരാഡില്‍ പാര്‍ട്ടി അനുഭാവികളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളില്‍ ചിലര്‍ മറ്റുപാര്‍ട്ടികളെ തകര്‍ക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് ഇരയായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാര്‍ എന്‍ഡിഎയില്‍ ചേര്‍ന്ന പശ്ചാത്തലത്തിലാണ് ശരദ് പവാറിന്‍റെ പ്രതികരണം. ഇന്നലെ (ജൂലൈ 02) ആയിരുന്നു നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ അജിത് പവാറും 29 എന്‍സിപി എംഎല്‍എമാരും എന്‍ഡിഎയില്‍ കക്ഷി ചേര്‍ന്നത്. പിന്നാലെ, അജിത് പവാര്‍ ഏക്‌നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്‌തിരുന്നു.
'മഹാരാഷ്‌ട്രയിലും നമ്മുടെ രാജ്യത്തും വര്‍ഗീയ ചേരിതിരിവ് സൃഷ്‌ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സമാധാനം ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ ഭയമുണ്ടാക്കാന്‍ നോക്കുന്ന ഇത്തരം ശക്തികള്‍ക്കെതിരെ നമ്മള്‍ ചെറുത്ത് നില്‍ക്കണം. നമ്മുടെ രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കേണ്ടതുണ്ട്' - ശരദ് പവാര്‍ പറഞ്ഞു.
നമ്മള്‍ ഒരു ജനാധിപത്യ രാജ്യത്തിലാണ് ജീവിക്കുന്നത്. ഇവിടെ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. അജിത് പവാറിന്‍റെ നീക്കം അദ്ദേഹത്തിന്‍റെ വ്യക്തിപരമായ തീരുമാനവും കാഴ്‌ചപ്പാടുമാണ്. പാര്‍ട്ടി വിട്ടവരുടെ ഭാവിയെ കുറിച്ച് തനിക്ക് ആശങ്കയുണ്ട് എന്നുമായിരുന്നു വിഷയത്തില്‍ ശരദ് പവാര്‍ ആദ്യം പറഞ്ഞത്.
പൂനെയില്‍ നിന്നും ഇന്ന് രാവിലെയാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കരാഡിലേക്ക് പുറപ്പെട്ടത്. യാത്രയ്‌ക്കിടെ വഴിയരികില്‍ വാഹനം നിര്‍ത്തി പ്രവര്‍ത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്‌തിരുന്നു. പൃഥ്വിരാജ് ചവാനൊപ്പം കരാഡിലെത്തിയ അദ്ദേഹത്തെ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും പ്രാദേശിക എൻസിപി എംഎൽഎ ബാലാസാഹേബ് പാട്ടീലും ചേര്‍ന്നാണ് സ്വീകരിച്ചത്. മഹാരാഷ്‌ട്ര ആദ്യ മുഖ്യമന്ത്രി യശ്വന്ത്റാവു ചവാന്‍റെ കരാഡിലെ സ്‌മാരകത്തിലെത്തി പുഷ്‌പാര്‍ച്ചനയും ശരദ് പവാര്‍ നടത്തിയിരുന്നു.
അജിത് പവാറിനെയും എംഎല്‍എമാരെയും അയോഗ്യരാക്കാന്‍ നീക്കം: മഹാരാഷ്‌ട്രയില്‍ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ അജിത് പവാറിനും ഒന്‍പത് എംഎല്‍എമാര്‍ക്കുമെതിരെ അയോഗ്യത ഹർജി നൽകി എൻസിപി. സ്‌പീക്കര്‍ രാഹുൽ നർവേക്കറിനാണ് എന്‍സിപി അപേക്ഷ നല്‍കിയത്. പാര്‍ട്ടി വിടുന്ന കാര്യം നേതാക്കള്‍ പറഞ്ഞിരുന്നില്ലെന്നു ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷനും കത്തെഴുതിയിട്ടുണ്ടെന്നും എൻസിപി നേതാവ് ജയന്ത് പാട്ടീൽ വ്യക്തമാക്കി.
അജിത് പവാറിനൊപ്പം പോയ എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും എന്‍സിപിയിലേക്ക് മടങ്ങിവരുമെന്നാണ് വിശ്വസിക്കുന്നത്. അങ്ങനെ തിരികെ എത്തിയാല്‍ അവരെ ഉറപ്പായും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏക്‌നാഥ് ഷിൻഡെ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനൊപ്പം അജിത് പവാര്‍ ചേരുന്നത് വേദനാജനകമാണെന്ന് പാര്‍ട്ടി പിളര്‍പ്പിന് ശേഷം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) വർക്കിങ് പ്രസിഡന്‍റും എംപിയുമായ സുപ്രിയ സുലെ പറഞ്ഞിരുന്നു. അജിത് പവാറുമായുള്ള ബന്ധം തുടരും. പാര്‍ട്ടിയെ പുനര്‍നിര്‍മിക്കുമെന്നും സുപ്രിയ നേരത്തെ വ്യക്തമാക്കി.
More Read : NCP Split | എൻസിപി പിളർപ്പ് വേദനാജനകം, പാർട്ടിയെ പുനർനിർമിക്കും; സുപ്രിയ സുലെ