പൂനെ: ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയുടെ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ചിഹ്നം നഷ്‌ടമായത് പാര്‍ട്ടിയ ബാധിക്കില്ലെന്നും ജനങ്ങള്‍ പുതിയ ചിഹ്നം സ്വീകരിക്കുമെന്നും താക്കറെ സഖ്യകക്ഷിയായ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് എന്‍സിപി അധ്യക്ഷന്‍റെ പ്രതികരണം. ശിവസേന എന്ന പേരും ഔദ്യോഗിക ചിഹ്നമായ 'അമ്പും വില്ലും' ഷിന്‍ഡെ പക്ഷത്തിനും, 'ദീപശിഖ' ചിഹ്നം ഉദ്ധവ് താക്കറെ പക്ഷത്തിനും ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടിരുന്നു.
പുതിയ തീരുമാനം അംഗീകരിക്കുക: 'ഇത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനമാണ്. ഒരിക്കല്‍ കമ്മിഷന്‍ ഉത്തരവിട്ടാല്‍ ഇതില്‍ പിന്നെ ഒരു ചര്‍ച്ചയുടെ ആവശ്യമില്ല. പുതിയ തീരുമാനം അംഗീകരിച്ച് പുതിയ ചിഹ്നം തിരഞ്ഞെടുക്കുക'- ശരദ് പവാര്‍ പ്രതികരിച്ചു.
'പഴയ ചിഹ്നം ഇല്ലാതായതില്‍ പാര്‍ട്ടിയ്‌ക്ക് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരികയില്ല. ജനങ്ങള്‍ പുതിയ ചിഹ്നം അംഗീകരിക്കും. ഇത് അടുത്ത 15 മുതല്‍ 30 ദിവസം വരെ ചര്‍ച്ചയായി തുടരുക മാത്രമേ ചെയ്യു'-എന്‍സിപി അധ്യക്ഷന്‍ പൂനെയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കാര്‍ഷിക പുരോഗതിയുടെ ചിഹ്നമായ 'പൂട്ടിയ കാള'യില്‍ നിന്നും 'കൈപ്പത്തി'യിലേക്കുള്ള കോണ്‍ഗ്രസിന്‍റെ യാത്രയേയും ശരദ് പവാര്‍ ഓര്‍ത്തെടുത്തു. 'ഇന്ദിര ഗാന്ധിക്കും ഞങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കോണ്‍ഗ്രസ് ആദ്യം 'പൂട്ടിയ കാള'യായിരുന്നു തങ്ങളുടെ തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിച്ചിരുന്നത്. പിന്നീട് അവര്‍ 'കൈപ്പത്തി' ചിഹ്നം സ്വീകരിക്കുകയായിരുന്നു.
'ജനങ്ങള്‍ അത് അംഗീകരിച്ചില്ലെ? അതുപോലെ തന്നെ ഉദ്ധവ് താക്കറെ പക്ഷത്തിന്‍റെ പുതിയ ചിഹ്നം ജനങ്ങള്‍ അംഗീകരിക്കും'-ശരദ് പവാര്‍ പറഞ്ഞു.
ജനാധിപത്യവിരുദ്ധമായ ഘടന: അതേസമയം, തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച ഉദ്ധവ് താക്കറെ പക്ഷം ചിഹ്നം വീണ്ടെടുക്കുന്നതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. എന്നാല്‍, ഷിന്‍ഡെ പക്ഷം ഇരുകയ്യും നീട്ടി തീരുമാനത്തെ അംഗീകരിച്ചു. ശിവസേന പാര്‍ട്ടിയുടെ നിലവിലെ ഘടന ജനാധിപത്യ വിരുദ്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പ് കൂടാതെ തന്നെ ഒരു കൂട്ടം ആളുകളെ ഭാരവാഹികളായി നിയമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഇത്തരം പാര്‍ട്ടി ഘടനകള്‍ ആത്മവിശ്വാസം ഉയര്‍ത്തുന്നതില്‍ പരാജയപ്പെടുകയാണ്. തെരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനം ജനാധിപത്യത്തിനെതിരെയുള്ള കൊലപാതകമാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.
സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഉദ്ധവ്: എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ തിടുക്കം കാട്ടുകയാണെന്നും ബിജെപിയുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണെന്നും പുതിയ തീരുമാനത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ചുകൊണ്ട് ഉദ്ധവ് താക്കറെ പക്ഷം പ്രതിഷേധിച്ചു. 'അവര്‍ ബാലസഹേബ് ആരാണെന്ന് ആദ്യം മനസിലാക്കട്ടെ. മോദിയുടെ മുഖംമൂടി ധരിച്ച് മഹാരാഷ്‌ട്രയിലെ ജനങ്ങളെ കയ്യിലെടുക്കാമെന്ന് മനസിലാക്കിയത് കൊണ്ട് ഷിന്‍ഡെ പക്ഷം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ബാലസാഹേബിന്‍റെ മുഖം മൂടി ധരിച്ചിരിക്കുന്നു'-ഉദ്ധവ് താക്കറെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'സുപ്രീം കോടതി വിധിയ്‌ക്ക് മുമ്പ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കേണ്ടിയിരുന്നില്ല. എംഎല്‍എമാരുടെയും എംപിമാരുടെയും എണ്ണം അനുസരിച്ചാണ് പാര്‍ട്ടിയുടെ നിലനില്‍പ്പ് കണക്കാക്കുന്നതെങ്കില്‍ ഏത് മുതലാളിമാര്‍ക്കും എംഎല്‍എമാരെയും എംപിമാരെയും വിലകൊടുത്ത് വാങ്ങി മുഖ്യമന്ത്രിയാകാന്‍ സാധിക്കുമല്ലോ? താത്‌കാലികമായി പാര്‍ട്ടിയുടെ പേരും ചിഹ്നവും നഷ്‌ടമായാലും തങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്ന്' ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.
'തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവിനെതിരെ ഞങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കും. പുതിയ തീരുമാനം സുപ്രീം കോടതി നീക്കിവയ്‌ക്കും. ശിവസേന എന്ന പാര്‍ട്ടി സ്ഥാപിച്ചത് എന്‍റെ പിതാവ് ബാലസാഹേബ് താക്കറെയാണ്'- ഉദ്ധവ് താക്കറെ വ്യക്തമാക്കി.