മുംബൈ: മറാത്ത സമുദായംഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസ, തൊഴില്‍ സംവരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മറാത്ത നേതാവ് മനോജ് ജാരങ്കേയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തിനിടെ സംസ്ഥാനത്ത് വന്‍ പ്രതിഷേധം. മഹാരാഷ്‌ട്ര സര്‍ക്കാര്‍ വിഷയത്തില്‍ കൃത്യമായ തീരുമാനങ്ങള്‍ എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ബീഡ് ജില്ലയില്‍ പ്രതിഷേധം അക്രമാസക്തമായി.
പ്രതിഷേധക്കാര്‍ മജല്‍ഗാവ് മണ്ഡലം എംഎല്‍എ പ്രകാശ് സോളങ്കെയുടെ വീടും വാഹനവും കത്തിച്ചു (Nationalist Congress Party (NCP) MLA Prakash Solanke). മറാത്ത സംവരണത്തെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പരമാര്‍ശമാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്. മറാത്ത സംവരണം ഒരു തമാശയാണെന്ന് നേരത്തെ എംഎല്‍എ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ വീടിനും വാഹനത്തിനും തീ കൊളുത്തിയത് (NCP MLA's Car And House Set Fire In Maharashtra).
കൂടാതെ മജല്‍ഗാവ് മുനിസിപ്പല്‍ കൗണ്‍സിലിന്‍റെ കെട്ടിടത്തിനും പ്രതിഷേധക്കാര്‍ തീയിട്ടു. കെട്ടിടത്തിലെ മുഴുവന്‍ വസ്‌തുക്കളും തീപിടിത്തത്തില്‍ നശിച്ചു. സംഭവത്തിന് പിന്നാലെ വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി. മറാത്ത സമുദായത്തില്‍പ്പെട്ട ലക്ഷക്കണക്കിനാളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
പ്രതിഷേധ തുടക്കം: ഇക്കഴിഞ്ഞ ഓഗസ്റ്റ് 29നാണ് അന്തര്‍വാലിയില്‍ മറാത്ത സംവരണത്തിനായി മറാത്ത നേതാവ് മനോജ് ജാരങ്കേ പാട്ടീല്‍ പ്രതിഷേധത്തിന് തുടക്കമിട്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ അദ്ദേഹം രണ്ട് ദിവസം സമയം നല്‍കിയിരുന്നു. തുടര്‍ന്നും സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും കൈക്കൊള്ളാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമാക്കിയത്.
പ്രതിഷേധം തുടരുന്നതിനിടെ സെപ്‌റ്റംബര്‍ 1ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. അന്തര്‍വാലിയില്‍ വച്ചാണ് പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. സംഭവം മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാറിന് ഏറെ വെല്ലുവിളിയായി.
മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴായി: മനോജ് ജാരങ്കേയുമായി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചര്‍ച്ച നടത്തിയിരുന്നെങ്കിലും പ്രതിഷേധം അവസാനിപ്പിച്ചിരുന്നില്ല. അനിശ്ചിതകാല സമരം 17 ദിവസമാകുമ്പോള്‍ മറാത്ത നേതാവ് മനോജ് ജാരങ്കേയുടെ ആരോഗ്യ നില വഷളായിരുന്നു. അതിനിടെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സ്ഥലത്തെത്തി മറാത്ത സംവരണത്തിനായുള്ള നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പ് നല്‍കി. ഇതോടെ അനിശ്ചിത കാല സമരം അടക്കമുള്ള പ്രതിഷേധങ്ങള്‍ നിര്‍ത്തി വച്ചു. എന്നാല്‍ ഏറെ നാള്‍ പിന്നിട്ടിട്ടും സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമില്ലാത്തതിനെ തുടര്‍ന്ന് വീണ്ടും പ്രതിഷേധങ്ങള്‍ ആരംഭിക്കുകയായിരുന്നു.
സംവരണത്തിന് പിന്തുണയുമായി ശിവസേന നേതാവ്: മറാത്ത സംവരണം നടപ്പാക്കിയില്ലെങ്കില്‍ സ്ഥാനം രാജിവയ്‌ക്കുമെന്ന് ശിവസേന നേതാവും എംപിയുമായ ഹേമന്ത് പട്ടീല്‍. തൊഴില്‍, വിദ്യാഭ്യാസം എന്നീ കാര്യങ്ങളില്‍ സംവരണം വേണമെന്ന മറാത്ത സമുദായത്തിന്‍റെ ആവശ്യത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് എംപിയുടെ രാജി അറിയിപ്പ്. പ്രതിഷേധ സ്ഥലത്തെത്തിയ എംപി രാജിക്കത്ത് എഴുതുകയും ചെയ്‌തു. സംവരണം നടപ്പാക്കിയില്ലെങ്കില്‍ കത്ത് ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ളയ്‌ക്ക് സമര്‍ര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.