ന്യൂഡൽഹി : ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ നടപടി പിൻവലിച്ചുകൊണ്ട് ലോക്‌സഭ വിജ്ഞാപനമിറക്കി. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലാണ് ഈ നടപടി. എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ലോക്‌സഭ സെക്രട്ടറിയേറ്റിന്‍റെ നടപടി.
തന്‍റെ ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്‌തതിന് ശേഷവും തന്നെ അയോഗ്യനാക്കിയ തീരുമാനം പിൻവലിക്കാൻ ലോക്‌സഭ സെക്രട്ടേറിയറ്റ് വിസമ്മതിച്ചതിനെ ചോദ്യം ചെയ്‌താണ് മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഫൈസലിന്‍റെ ശിക്ഷ സ്റ്റേ ചെയ്‌ത ഹൈക്കോടതി വിധിക്കെതിരെ ലക്ഷ്വദ്വീപ് ഭരണസമിതി നല്‍കിയ ഹർജിയും ഇന്ന് പരിഗണിക്കാനിരിക്കുകയാണ്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുമ്പാകെ വിഷയം പരാമർശിച്ച മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി അടിയന്തര ലിസ്റ്റിങ് ആവശ്യപ്പെട്ടിരുന്നു. ഫൈസലിന്‍റെ ശിക്ഷ റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചെന്നും എംപിയുടെ അയോഗ്യത പിൻവലിക്കാൻ ലോക്‌സഭ സെക്രട്ടേറിയറ്റിന് താത്‌പര്യമില്ലെന്നും മനു സിംഗ്വി കോടതിയോട് വിശദമാക്കി. ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചിട്ടും അദ്ദേഹത്തിന്‍റെ ലോക്‌സഭ അംഗത്വം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ വ്യക്‌തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിഷയം അടിയന്തര ലിസ്റ്റിങ്ങിനായി അനുമതി നൽകി.
മുന്‍ കേന്ദ്ര മന്ത്രിയുടെ മരുമകനെതിരെ വധശ്രമം; 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനിടെയാണ് ഫൈസലിനെതിരായ കേസിന് ആസ്‌പദമായ സംഭവം നടന്നത്. മുന്‍ കേന്ദ്ര മന്ത്രി പി എം സയീദിന്‍റെ മരുമകനും കോൺഗ്രസ് പ്രവർത്തകനുമായ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചതാണ് കേസ്. വധശ്രമ കേസിൽ കവരത്തി ജില്ല സെഷന്‍സ് കോടതി 10 വര്‍ഷത്തെ തടവ് വിധിച്ചതിന് തുടർന്നാണ് ഫൈസലിനെ ലോക്‌സഭയിൽ നിന്നും അയോഗ്യനാക്കിയത്.
ജനുവരി 11 മുതല്‍ ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി കൊണ്ട് ജനുവരി 13നാണ് ഉത്തരവിറങ്ങിയത്. വധശ്രമ കേസിൽ നൽകിയ ഫൈസലിന്‍റെ ഹർജി പരിഗണിച്ച് കവരത്തി ജില്ല സെഷന്‍സ് കോടതിയുടെ ഉത്തരവ് ജനുവരി 25ന് കേരള ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. തുടർന്നും അയോഗ്യനാക്കിയ ഉത്തരവ് പിൻവലിക്കാൻ ലോക്‌സഭ സെക്രട്ടേറിയറ്റ് തയാറായിരുന്നില്ലെന്നായിരുന്നു ഫൈസലിന്‍റെ ആരോപണം.