മുംബൈ: എൻസിപി നേതാവ് ജിതേന്ദ്ര അവാദ് എംഎൽഎ സ്ഥാനം രാജിവച്ചു. മറാത്തി സിനിമയായ ഹർഹർ മഹാദേവിന്‍റെ പ്രദർശനം നിർത്തിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരെ പൊലീസ് കള്ളക്കേസ് രജിസ്റ്റർ ചെയ്‌തുവെന്ന് നിയമസഭാംഗത്വം രാജിവയ്ക്കുന്നുവെന്ന് പ്രഖ്യാപിക്കവെ അവാദ് പറഞ്ഞു.
സ്ത്രീയുടെ പരാതിയെ തുടർന്ന് തിങ്കളാഴ്‌ച പുലർച്ചെയാണ് മുംബ്ര പൊലീസ് ഐപിസി സെക്ഷൻ 354 പ്രകാരം അവാദിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്. മുംബ്രയിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്ക് ശേഷം ജനക്കൂട്ടത്തെ മാറ്റി എംഎൽഎയ്ക്ക് പോകാൻ വഴി കണ്ടെത്തുന്നതിനിടെ അവാദ് തന്നെ തള്ളിമാറ്റിയെന്ന് സ്ത്രീയുടെ പരാതിയിൽ പറയുന്നു.
ഛത്രപതി ശിവജിയുടെ ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള ഹർഹർ മഹാദേവ് എന്ന സിനിമയുടെ പ്രദർശനം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ മുൻമന്ത്രി കൂടിയായ ജിതേന്ദ്ര അവാദിനെ വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌തിരുന്നു. ഐപിസി സെക്ഷൻ 323, 504 എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു സിനിമ പ്രദർശനം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അവാദിനെതിരെ താനെയിലെ വർത്തക് നഗർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. കേസിൽ ശനിയാഴ്‌ച കോടതി ജാമ്യം അനുവദിച്ചിരുന്നു.
'ഐപിസി സെക്ഷൻ 354 ഉൾപ്പെടെ രണ്ട് വ്യാജ കേസുകളാണ് തനിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. എംഎൽഎ സ്ഥാനം രാജി വയ്ക്കാൻ ഞാൻ തീരുമാനിച്ചു. ഇത്തരം പൊലീസ് അതിക്രമങ്ങൾക്കെതിരെ ഞാൻ പോരാടും. ജനാധിപത്യത്തിന്‍റെ കൊലപാതകം എനിക്ക് കണ്ടുനിൽക്കാൻ കഴിയില്ല. ഇതിനെതിരെ ഞാൻ പോരാടും', അവാദ് ട്വിറ്ററിൽ കുറിച്ചു.