ബെംഗളൂരു: മയക്കുമരുന്ന് ഇടപാടിലെ കള്ളപ്പണക്കേസില്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിലുള്ള ബിനീഷ് കോടിയേരിക്കെതിരെ അന്വേഷണവുമായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും. ഇഡി അന്വേഷണം ഏതാണ്ട് അവസാന ഘട്ടത്തിലെത്തി നില്‍ക്കമ്പോഴാണ് പുതിയ അന്വേഷണ ഏജൻസി അന്വേഷണം നടത്താനൊരുങ്ങുന്നത്. ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്ക് വന്നതും അക്കൗണ്ടില്‍ നിന്ന് പോയതുമായി പണത്തേക്കുറിച്ചുണ്ട് ഇഡി അന്വേഷണം അവസാന ഘട്ടത്തിലാണ്.
ബെംഗളൂരുവിലും കേരളത്തിലും ബിനീഷ് കോടിയേരി ആഡംബര ഹോട്ടലുകള്‍ നടത്തുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ ഹോട്ടലുകളുടെ അക്കൗണ്ടുകളില്‍ നിന്ന് വൻ തോതില്‍ പണം ബിനീഷിന്‍റെ അക്കൗണ്ടിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍ ബിനീഷിന്‍റെ അക്കൗണ്ടിലുള്ളത്ര പണം ഹോട്ടല്‍ ബിസിനസ് മാത്രം നടത്തി നേടാൻ കഴിയുന്നതല്ലെന്നാണ് ഇഡി നിഗമനം. ഈ പണത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
ബെംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യമപ്രതിയായ മുഹമ്മദ് അനൂപുമായുള്ള ബിനീഷിന്‍റെ ബന്ധമാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം ബിനീഷിലേക്ക് നീങ്ങാൻ കാരണം. അനൂപ് നിലവില്‍ എന്‍സിബിയുടെ കസ്‌റ്റഡിയിലാണ്. കമ്മനഹള്ളിയിലെ ഹോട്ടലിന്‍റെ മറവില്‍ അനൂപ് മയക്കുമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന് എന്‍ബിസി കണ്ടെത്തിയിട്ടുണ്ട്. അനൂപും ബിനീഷും തമ്മിലുള്ള സാമ്പത്തിക ഇടപാടിന്‍റെ പശ്ചാത്തലത്തില്‍ എൻസിബി കേസില്‍ ബിനീഷും ഉള്‍പ്പെടും.