ചെന്നൈ: വാടക ഗര്‍ഭപാത്രത്തിലൂടെ നയന്‍താരയ്‌ക്കും സംവിധായകന്‍ വിഘ്‌നേഷ് ശിവനും ഇരട്ട കുഞ്ഞ് ജനിച്ച സംഭവത്തിലുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍. ദമ്പതികള്‍ രാജ്യത്ത് നിലവിലുള്ള നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയം പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് ജോയിന്‍റ് ഡയറക്‌ടറുടെ നേതൃത്വത്തില്‍ നാലംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.
കമ്മിറ്റിയുടെ അന്വേഷണം നടന്നുവരികയാണ്. നയന്‍താരയും വിഘ്‌നേഷും സമീപിച്ച ആശുപത്രിയേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി ആവശ്യമെങ്കില്‍ ഇരുവരെയും ചോദ്യം ചെയ്യും. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്‌ചയ്‌ക്കുള്ളില്‍ കമ്മിറ്റി സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.