കാങ്കര്‍ (ഛത്തീസ്‌ഗഡ്) : നക്‌സല്‍ നേതാവ് മനു ദുഗ്ഗയെ കൂട്ടാളികള്‍ കൊലപ്പെടുത്തി. ഛത്തീസ്‌ഗഡ് കാങ്കറില്‍ കൊയ്‌ലിബേഡ വനത്തിലാണ് മനു ദുഗ്ഗയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികില്‍ നിന്ന് ഒരു ലഘുലേഖയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഘടനയിലെ സ്‌ത്രീകളോട് മനു ദുഗ്ഗ അപമര്യാദയായി പെരുമാറിയിരുന്നു എന്ന് നോര്‍ത്ത് ബസ്‌തര്‍ കമ്മിറ്റിയുടെ പേരിലുള്ള ലഘുലേഖയില്‍ പറയുന്നു. സ്‌ത്രീകളോടുള്ള മനുവിന്‍റെ പെരുമാറ്റം തുടക്കം മുതല്‍ തന്നെ നല്ലതായിരുന്നില്ല. സ്‌ത്രീകളെ അടിച്ചമര്‍ത്താന്‍ ഇയാള്‍ ശ്രമിച്ചിരുന്നു.
അതിനാല്‍ സ്‌ത്രീകള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്‌ടിക്കപ്പെട്ടു. ഇയാള്‍ക്കെതിരെ സംഘടനയില്‍ അച്ചടക്ക നടപടി എടുത്തിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും മനു ദുഗ്ഗ മാറിയില്ല.
ഇതിനിടെ ഇയാള്‍ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ പിടികൂടിയ ശേഷം ജൻ അദാലത്ത് (പൊതു കോടതി) സംഘടിപ്പിക്കുകയും പൊതുജനാഭിപ്രായം അനുസരിച്ച് മനു ദുഗ്ഗയ്ക്ക് വധശിക്ഷ നൽകുകയും ചെയ്‌തു - ലഘുലേഖയില്‍ പറയുന്നു.
കെശോകോടി ഏരിയ കമ്മിറ്റി അംഗമായിരുന്നു കൊല്ലപ്പെട്ട നക്‌സല്‍ നേതാവ് മനു ദുഗ്ഗ. നാരായൺപൂരിലെ ഭരന്ദ ഗ്രാമത്തില്‍ നിന്നുള്ള മനു 2006 മുതല്‍ സംഘടനയില്‍ സജീവ പ്രവര്‍ത്തകനായിരുന്നു.
നക്‌സല്‍ ശക്തികേന്ദ്രമായ ഛത്തീസ്‌ഗഡില്‍ നിരവധി ഏറ്റുമുട്ടലുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സുക്‌മ ജില്ലയില്‍ ഇക്കഴിഞ്ഞ മെയ് എട്ടിന് പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്‌ത്രീ ഉള്‍പ്പടെ രണ്ട് നക്‌സലുകള്‍ കൊല്ലപ്പെട്ടിരുന്നു. ഗോലാപ്പള്ളി ലോക്കൽ ഓർഗനൈസേഷൻ സ്‌ക്വാഡ് നക്‌സല്‍ കമാന്‍ഡര്‍ മഡ്‌കം എറ, കേഡര്‍ പൊടിയം ഭീമെ എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവ സ്ഥലത്തുനിന്ന് സ്‌ഫോടക ശേഖരവും പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ടവരുടെ തലയ്‌ക്ക് നേരത്തെ 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്‌പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭേജി പൊലീസ് സ്റ്റേഷൻ പരിധിയിലെ ദന്തേഷ്‌പുരം ഗ്രാമത്തിനടുത്തുള്ള വനത്തിൽ പുലർച്ചെ 5.30 ഓടെയായിരുന്നു ഏറ്റുമുട്ടല്‍.
ഗോലാപ്പള്ളി ലോക്കൽ ഓർഗനൈസേഷൻ സ്‌ക്വാഡ് (LOS) നക്‌സൽ കമാൻഡർ മഡ്‌കം എറയ്‌ക്കൊപ്പം 35ഓളം നക്‌സലുകള്‍ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഏറ്റുമുട്ടല്‍. ജില്ല റിസര്‍വ് ഗാര്‍ഡിന്‍റെയും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്‍റെയും (സിആർപിഎഫ്) പ്രത്യേക സംഘങ്ങളും കോബ്ര (Commando Battalion for Resolute Action-CoBRA) ടീമും ചേര്‍ന്നാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയത്.
Also Read: സുക്‌മ നക്‌സല്‍ ഏറ്റുമുട്ടല്‍: വനിത കേഡര്‍ ഉള്‍പ്പെടെ 2 പേര്‍ കൊല്ലപ്പെട്ടു
വെടിവയ്‌പ്പ് അവസാനിച്ചപ്പോള്‍ മഡ്‌കം എറയുടെയും പൊടിയം ഭിമെയേയും കൊല്ലപ്പെട്ട നിലയില്‍ സംഘം കണ്ടെത്തുകയായിരുന്നു. എറയുടെ തലയ്‌ക്ക് എട്ട് ലക്ഷം രൂപയും ഭിമെയുടെ തലയ്‌ക്ക് മൂന്ന് ലക്ഷം രൂപയും നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നക്‌സലുകളുടെ ഏരിയ കമ്മിറ്റി അംഗം കൂടിയായ എറയ്ക്ക് രണ്ട് ഡസനിലധികം അക്രമങ്ങളിൽ പങ്കുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.