മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ തകർന്ന മൂന്ന് ബാര്‍ജുകളില്‍ നിന്നായി 146 പേരെ ഇന്ത്യൻ നാവികസേന സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 127 കാണാതായും അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുന്നതായും അപകടത്തിൽപ്പെട്ട ഒരു ബാർജിനെ കരക്കെത്തിച്ചതായും ഇന്ത്യൻ നാവികസേന അറിയിച്ചു.
തകർന്ന മൂന്ന് ബാര്‍ജുകളില്‍ ഏകദേശം 400ലധികം പേരാണ് ഉണ്ടായിരുന്നത് അധികൃതർ അറിയിച്ചു. തീരത്ത് നിന്നും എട്ട് നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ദുരന്ത നിവാരണ സേനയും നാവികസേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ രക്ഷാപ്രവർത്തനം തുടരുന്നുവെന്ന് ഇന്ത്യൻ നേവി കമാൻഡർ വിവേക് മാധ്വാൾ പറഞ്ഞു. ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് തൽവാർ എന്നീ കപ്പലുകളും രക്ഷാപ്രവർത്തനത്തിന് സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു.
273 ഉം 137 ഉം യാത്രക്കാരുള്ള രണ്ട് ബാര്‍ജുകളും മറ്റൊരു ബാര്‍ജുമാണ് ചുഴലിക്കാറ്റില്‍ തിങ്കളാഴ്‌ച ദിശതെറ്റിയത്. കടല്‍ പ്രക്ഷുബ്‌ധമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും അധികൃതർ അറിയിച്ചു. ഓഫ്‌ഷോര്‍ ഡ്രില്ലിങ്ങിനായി നങ്കൂരമിട്ടിരുന്ന ബോട്ടുകളാണ് ഒഴുക്കില്‍പ്പെട്ടത്. ഇവയില്‍ നിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് യുദ്ധക്കപ്പലുകളെ തെരച്ചിലിനയച്ചതെന്ന് നേവി വ്യക്തമാക്കി.
Read more: അതിതീവ്ര ചുഴലിക്കാറ്റായി ടൗട്ടെ ഗുജറാത്ത് തീരം തൊട്ടു
അറബിക്കടലിൽ തകരാറിലായ കൊറോമോണ്ടൽ സപ്പോർട്ടർ ഒൻപതാം ക്രൂ കപ്പലിൽ കുടുങ്ങിയ രക്ഷാ പ്രവർത്തകരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തിയെന്നും വിവേക് മാധ്വാൾ പറഞ്ഞു. ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്ന് കപ്പലിന് തകരാറ് സംഭവിക്കുകയും വൈദ്യുതി വിതരണം നഷ്‌ടപ്പെടുകയും ചെയ്‌തതാണ് അപകടത്തിന് കാരണം. അടിയന്തര അറിയിപ്പിനെ തുടർന്ന് കർണാടകയിലെ മംഗലാപുരത്ത് നിന്ന് ഇന്ത്യൻ വ്യോമ സേനയുടെ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു.