ചെന്നൈ: കടലില്‍ ഇന്ത്യ - ശ്രീലങ്ക അന്താരാഷ്ട്ര അതിർത്തിക്ക് (ഐഎംബിഎൽ) സമീപം ഇന്ത്യൻ നാവിക സേനയുടെ വെടിവെപ്പില്‍ മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റതില്‍ വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.
പട്രോളിങ് നടത്തുകയായിരുന്ന നാവിക സേന സംഘം സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബോട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ വെടി ഉതിര്‍ത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. പരിക്കേറ്റ മത്സ്യത്തൊഴിലാളിക്ക് പ്രഥമ ശുശ്രൂഷ നല്‍കി ഇന്ത്യൻ നേവി ചേതക് ഹെലികോപ്റ്ററിൽ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
പരിക്കേറ്റ തൊഴിലാളി നിലവില്‍ രാമനാഥപുരം സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്‌തികരമാണെന്ന് ഡിഫൻസ് പിആർഒ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.