ലക്‌നൗ : ഉത്തർ പ്രദേശിൽ ഹൈ ടെൻഷൻ കമ്പിയിൽ പാരച്യൂട്ട് കുടുങ്ങി നേവി കമാൻഡോയ്‌ക്ക് ദാരുണാന്ത്യം. ജമ്മു കശ്‌മീർ സ്വദേശിയായ അങ്കുഷ് ശർമ(26) ആണ് മരണപ്പെട്ടത്. ആഗ്രയിലെ മാൽപുര പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്‌ച വൈകുന്നേരം പരിശീലന സെഷനിൽ പങ്കെടുക്കുന്നതിനിടെയാണ് അങ്കുഷ് അപകടത്തിൽപ്പെട്ടത്.
നാട്ടുകാർ ഇയാളെ ഉടൻ തന്നെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ഏകദേശം 8,000 അടി ഉയരത്തിൽ നിന്നാണ് അങ്കുഷ് ചാടിയത്. എന്നാൽ ശക്തമായ കാറ്റിനെ തുടർന്ന് പാരച്യൂട്ട് ഡ്രോപ്പിങ് ഏരിയയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി ഹൈ ടെൻഷൻ കമ്പിയിൽ കുടുങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.