ചണ്ഡീഗഢ്: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരി രംഗത്ത്. അച്ഛന്‍റെ (ബല്‍വന്ദ് സിദ്ദു) മരണശേഷം തന്നേയും അമ്മയേയും സിദ്ദു വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന് സഹോദരി സുമന്‍ തൂര്‍ ആരോപണം ഉന്നയിച്ചു. മാതാപിതാക്കള്‍ ബന്ധം പിരിഞ്ഞുവെന്ന സിദ്ദുവിന്‍റെ വാദം വ്യാജമാണെന്നും സഹോദരി ആരോപിച്ചു.
തനിക്ക് രണ്ട് വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ പിരിഞ്ഞുവെന്നുമാണ് സിദ്ദു നേരത്തെ പറഞ്ഞിരുന്നത്. ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആരോരുമില്ലാതെയാണ് അമ്മ മരിച്ചതെന്നും സുമന്‍ പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാന്‍ താന്‍ സിദ്ദുവിന്‍റെ അമൃത്‌സറിലെ വസതിയിലെത്തിയിരുന്നെങ്കിലും സിദ്ദു ഗേറ്റ് പോലും തുറക്കാന്‍ കൂട്ടാക്കിയില്ലെന്നും സുമന്‍ ആരോപിച്ചു.
സുമന്‍റെ ആരോപണങ്ങള്‍ക്ക് പിന്നാലെ സിദ്ദുവിനെതിരെ അകാലിദള്‍ നേതാവ് ബിക്രം സിങ് മജീതിയ രംഗത്തെത്തി. അമ്മയോടും സഹോദരിയോടും സിദ്ദു ക്ഷമ ചോദിക്കണമെന്ന് മജീതിയ ആവശ്യപ്പെട്ടു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങും സുമന്‍ തൂറുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സുമന്‍ തൂറിനെ അറിയില്ലെന്നും സിദ്ദുവിന്‍റെ പിതാവിന് ആദ്യ ഭാര്യയില്‍ രണ്ട് പെണ്‍മക്കളുണ്ടെന്നുമായിരുന്നു നവ്‌ജ്യോത് സിങ് സിദ്ദുവിന്‍റെ ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ നവ്‌ജ്യോത് കൗര്‍ സിദ്ദുവിന്‍റെ പ്രതികരണം.
Also read: പഞ്ചാബ് തെരഞ്ഞെടുപ്പ്; കച്ച കെട്ടി രാഷ്‌ട്രീയ പാർട്ടികൾ, എല്ലാ കണ്ണുകളും മാൾവയിലേക്ക്