ന്യൂഡൽഹി: കൊലപാതക കേസില്‍ ഒരു വർഷത്തെ കഠിന തടവിന് ശിക്ഷിച്ച വിധിയില്‍ കീഴടങ്ങാന്‍ സമയം വേണമെന്ന് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു. ഈ ആവശ്യവുമായി സിദ്ദു സുപ്രീം കോടതിയെ സമീപിച്ചു. കീഴടങ്ങാൻ ഏതാനും ആഴ്‌ചകൾ കൂടി നീട്ടി നല്‍കണമെന്ന് സിദ്ദുവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എ.എം സിംഗ്വി ഉന്നയിച്ചു.
തര്‍ക്കം, വാഹനം പാര്‍ക്ക് ചെയ്‌തതില്‍: ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെയാണ് ഇക്കാര്യം അഭ്യര്‍ഥിച്ചത്. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള കേസിലാണ് പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവിനെ ഒരു വർഷത്തെ കഠിന തടവിന് സുപ്രീം കോടതി ശിക്ഷിച്ചത്. 1988 ഡിസംബർ 27 നാണ് സംഭവം നടന്നത്. നടുറോഡില്‍ വാഹനം പാര്‍ക്ക് ചെയ്‌ത സിദ്ദുവിനെ, മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിങ് എന്നയാള്‍ ചോദ്യം ചെയ്‌തു. തുടര്‍ന്ന് അടിപിടിയുണ്ടായി.
വിധി, പുനഃപരിശോധന ഹർജിയില്‍: സംഘര്‍ഷത്തിൽ പരിക്കേറ്റ ഗുർനാം മരിച്ചു. തലയിൽ സിദ്ദു അടിച്ചതിനെ തുടര്‍ന്നാണ് ഗുർനാം സിങ്ങിന്‍റെ മരണകാരണമെന്നായിരുന്നു കേസ്. എന്നാൽ, അതിന് തെളിവില്ലെന്ന് സിദ്ദു വാദിച്ചിരുന്നു. കേസിൽ തെളിവുകളുടെ അഭാവവും സംശയത്തിന്‍റെ ആനുകൂല്യവും നൽകി 1999 സെപ്‌റ്റംബർ 22 ന് പട്യാല സെഷൻസ് കോടതി സിദ്ദുവിനെയും കൂട്ടാളികളെയും കുറ്റവിമുക്തരാക്കി.
എന്നാൽ, 2018ൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് പഞ്ചാബ്-ഹരിയാന ഹൈക്കോടതി സിദ്ദുവിനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. തുടർന്ന്, കേസിൽ സുപ്രീം കോടതി സിദ്ദുവിനെ കുറ്റവിമുക്തനാക്കുകയാണുണ്ടായത്. ഇതിനെതിരെ ഇരയുടെ കുടുംബം നൽകിയ പുനഃപരിശോധന ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, എസ്.കെ കൗൾ എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
ALSO READ| നവ്ജ്യോത് സിങ് സിദ്ദുവിനെ ഒരു വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് സുപ്രീം കോടതി