ന്യൂഡൽഹി : മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള റോഡ് തർക്ക കേസിൽ പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവിനെ ഒരു വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് സുപ്രീം കോടതി. 1988 ഡിസംബർ 27ന് ഗുർനാം സിങ് എന്നയാളുടെ മരണത്തിനിടയാക്കിയ കേസിലാണ് സുപ്രീം കോടതിയുടെ വിധി.
കേസിൽ തെളിവുകളുടെ അഭാവവും സംശയത്തിന്‍റെ ആനുകൂല്യവും നൽകി 1999 സെപ്‌റ്റംബർ 22ന് പട്യാല സെഷൻസ് കോടതി സിദ്ദുവിനെയും കൂട്ടാളികളെയും കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ 2018ൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് പഞ്ചാബ്-ഹരിയാന ഹൈക്കോടതി സിദ്ദുവിനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. തുടർന്ന് കേസിൽ സുപ്രീം കോടതി സിദ്ദുവിനെ കുറ്റവിമുക്തനാക്കുകയാണുണ്ടായത്.
ഇതിനെതിരെ ഇരയുടെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, എസ്.കെ കൗൾ എന്നിവരടങ്ങിയ ബഞ്ച്. പട്യാലയിലെ പാർക്കിങ് സ്ഥലത്തെ ചൊല്ലി സിദ്ദു ഇരയുമായി ഉണ്ടായ തർക്കം കൈയേറ്റത്തിൽ കലാശിക്കുകയായിരുന്നു.
തർക്കത്തെ തുടർന്ന് സിദ്ദു ഗുർനാം സിങ്ങിന്‍റെ തലയിൽ അടിച്ചെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കേസ്. നേരത്തേ സിദ്ദുവിന് 1000 രൂപ പിഴ ചുമത്തി ഇതേ കേസ് സുപ്രീം കോടതി തീർപ്പാക്കിയിരുന്നു