ലുധിയാന : പഞ്ചാബില്‍ ആംആദ്‌മി തരംഗത്തില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസടക്കം മറ്റ് പാര്‍ട്ടികള്‍. മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ചന്നി,നവജ്യോത് സിങ് സിദ്ദു, മുന്‍ മുഖ്യമന്ത്രി ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിങ് മുതിര്‍ന്ന നേതാവ് പ്രകാശ് സിങ് ബാദല്‍ എന്നീ നേതാക്കളെയെല്ലാം ആംആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ഥികളാണ് തറപറ്റിച്ചത്.
ചാംകൗര്‍ സാഹിബിലും ബദൗറിലും മത്സരിച്ച ചന്നി രണ്ടിടത്തും പരാജയപ്പെട്ടു. ബദൗറില്‍ ആംആദ്മി സ്ഥാനാര്‍ഥി ലാഭ് സിങ് 57000 വോട്ടുകള്‍ നേടിയപ്പോള്‍ ചന്നിക്ക് 23000 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ചാംകൗര്‍ സാഹിബില്‍ ചന്നി 50000 വോട്ടുകള്‍ നേടിയപ്പോള്‍ ആംആദ്മി എതിര്‍ സ്ഥാനാര്‍ഥി ചരണ്‍ സിങ് 54000 വോട്ടുകള്‍ നേടി വിജയിക്കുകയായിരുന്നു. അമൃത്‌സര്‍ ഈസ്റ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു 6000 വോട്ടുകള്‍ക്കാണ് ജീവന്‍ ജ്യോത് കൗറിനോട് പരാജയപ്പെട്ടത്.
കോണ്‍ഗ്രസിന് പുറമെ ശിരോമണി അകാലിദളിനും തരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്. ജലാലാബാദ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അകാലിദള്‍ നേതാവ് സുഖ്ബീർ സിംഗ് ബാദൽ 23000 വോട്ടുകളുടെ വ്യത്യാസത്തിലാണ് ജഗ്ദീപ് കാംപോജിനോട് പരാജയപ്പെട്ടത്. മുതിര്‍ന്ന അകാലിദാള്‍ നേതാക്കളായ പ്രകാശ് സിങ് ബാദല്‍ ലമ്പി മണ്ഡലത്തില്‍ 11000 വോട്ടുകള്‍ക്ക് ഗുര്‍മീത് സിങ് ഖുഡിയയോടും, ബിക്രം സിങ് മജീതിയ അമൃത്‌സർ ഈസ്റ്റിൽ എഎപിയുടെ ജീവൻ ജ്യോത് കൗറിനോട് 14,408 വോട്ടുകൾക്കും പരാജയപ്പെട്ടു.
പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി അധ്യക്ഷനും രണ്ട് തവണ മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദർ സിങ് പട്യാല അർബനിൽ നിന്ന് ആം ആദ്മി പാർട്ടിയുടെ അജിത് പാൽ സിങ് കോലിയോട് 19,873 വോട്ടുകൾക്കാണ് തോറ്റത്. ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, അദ്ദേഹം എഎപിയെയും മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മാനിനെയും അഭിനന്ദിച്ചും അധികാരം നിലനിര്‍ത്താന്‍ കഴിയാതിരുന്ന തന്‍റെ മുന്‍ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ പരിഹസിച്ചും ട്വീറ്റ് ചെയ്‌തു.