ചണ്ഡീഗഢ് : മുഖ്യമന്ത്രി ആരായാലും തന്‍റെ ഭർത്താവ് എന്നും ഹീറോ ആയി തുടരുമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിന്‍റെ ഭാര്യ നവജ്യോത് കൗർ സിദ്ദു. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനായി രാഹുൽ ഗാന്ധി ഫെബ്രുവരി ആറിന് ലുധിയാന സന്ദർശിക്കാനിരിക്കെയാണ് പരാമര്‍ശം.
മുഖ്യമന്ത്രി ആരായാലും മന്ത്രിമാരെ കേൾക്കുകയും അവരുടെ ഫയലുകളിൽ ഒപ്പിടുകയും അവരെ ജോലി ചെയ്യാൻ അനുവദിക്കുകയും ചെയ്യണം. അമരീന്ദർ സിങ് ഇത് ചെയ്‌തിരുന്നുവെങ്കിൽ ആർക്കും ഒരു പ്രശ്‌നവും ഉണ്ടാകില്ലായിരുന്നുവെന്നും നവജ്യോത് കൗർ പറഞ്ഞു.
ഫെബ്രുവരി ആറിന് നടക്കുന്ന വെർച്വൽ റാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. ജനുവരി 27ന് പഞ്ചാബ് സന്ദർശന വേളയിൽ, മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻനിർത്തി കോൺഗ്രസ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്നും ആരെന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി അറിയിച്ചിരുന്നു.
Also Read: 'മുസ്ലിങ്ങള്‍ക്ക് പ്രാര്‍ത്ഥനാമുറി' ; പിന്‍വലിച്ച് റിട്ടയറിങ് റൂം പുനസ്ഥാപിച്ച് റെയില്‍വേ
മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്ന് നിലവില്‍ ആ പദവിയിലുള്ള ചരൺജിത് സിങ് ചന്നിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവും പ്രത്യക്ഷമായും പരോക്ഷമായും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായി ആരെ തെരഞ്ഞെടുത്താലും മറ്റൊരാൾ പിന്തുണയ്ക്കുമെന്ന് ചന്നിയും സിദ്ദുവും തനിക്ക് ഉറപ്പുനൽകിയതായി ജലന്ധറിൽ നടന്ന വെർച്വൽ റാലിയെ അഭിസംബോധന ചെയ്യവെ രാഹുൽ ഗാന്ധി പ്രസ്‌താവിക്കുകയും ചെയ്‌തിട്ടുണ്ട്.