ഭുവനേശ്വര്‍: തുടര്‍ച്ചയായി ഒരുപാട് തവണ വാര്‍ഡും, പഞ്ചായത്തും, മണ്ഡലവുമെല്ലാം വിജയിച്ചുകയറിയ പൊതുപ്രവര്‍ത്തകരുണ്ടാവാം. ഇവരില്‍ ചിലരെല്ലാം അതത് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസ്‌തുത സ്ഥാനങ്ങള്‍ വഹിച്ചവരുമാവും. എന്നാല്‍, രാജ്യത്ത് തന്നെ അത്തരത്തില്‍ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദം അലങ്കരിച്ചവരില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് പട്‌നായികുള്ളത്.
മുന്നിലാര്, പിന്നിലാര്: ദീര്‍ഘകാലം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവായിരുന്നു, നവീന്‍ പട്‌നായിക് ഈ അപൂര്‍വ നേട്ടം കൈവരിക്കുന്നതിന് മുമ്പ് വരെ ഏറ്റവും കൂടുതല്‍ കാലം രാജ്യത്ത് മുഖ്യമന്ത്രി കസേരയിലിരുന്ന നേതാക്കളില്‍ രണ്ടാമന്‍. ജ്യോതി ബസുവിന്‍റേതായി മുമ്പുണ്ടായിരുന്ന 23 വര്‍ഷവും 138 ദിവസവും എന്ന കണക്കാണ്, തുടര്‍ച്ചയായ അഞ്ചാം തവണയും ഒഡിഷ മുഖ്യമന്ത്രിയായ പട്‌നായിക് 23 വര്‍ഷവും നാല് മാസവും 17 ദിവസവും കൊണ്ട് മറികടന്നത്. അതേസമയം, 1994 ഡിസംബര്‍ 12 മുതല്‍ 2019 മെയ് 27 വരെയുള്ള നീണ്ട കാലഘട്ടം സിക്കിമിന്‍റെ മുഖ്യമന്ത്രി കസേരയിലിരുന്ന പവന്‍ കുമാര്‍ ചാംലിങാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നവരില്‍ ഒന്നാമന്‍.
അച്ഛന്‍റെ പാതയില്‍: 1997ല്‍ പിതാവ് ബിജു പട്‌നായിക്കിന്‍റെ മരണശേഷമാണ് നവീന്‍ പട്‌നായിക് രാഷ്‌ട്രീയത്തില്‍ വരവറിയിക്കുന്നത്. മാത്രമല്ല അച്ഛന്‍റെ രാഷ്‌ട്രീയ പിന്‍ഗാമിയായി ഗോദയില്‍ ഇറങ്ങിയയുടന്‍ തന്നെ അദ്ദേഹം പിതാവിന്‍റെ പേരില്‍ ബിജു ജനതാദള്‍ രൂപീകരിച്ചു. 1997 ല്‍ പാര്‍ട്ടിയുടെ പ്രഥമ അധ്യക്ഷനായി അവരോധിക്കപ്പെട്ട നവീന്‍ പട്‌നായിക് നിലവിലും അതേ സ്ഥാനത്ത് തുടരുന്നു എന്നത് പാര്‍ട്ടിയില്‍ അദ്ദേഹത്തിന്‍റെ ചോദ്യം ചെയ്യപ്പെടാനാവാത്ത സ്വാധീനവും വ്യക്തമാക്കുന്നു. ഇതിനിടെ 1997 മുതല്‍ 2000 വരെ അസ്‌ക മണ്ഡലത്തെ പ്രതിനിധീകരിച്ച ലോക്‌സഭാംഗമായ നവീന് പട്‌നായിക്, ഈ കാലഘട്ടത്തില്‍ തന്നെ കേന്ദ്ര സ്‌റ്റീൽ ആൻഡ് മൈൻസ് മന്ത്രിയുമായി.
തുടര്‍ന്ന് 2000 ത്തിലാണ് നവീന്‍ പട്‌നായിക് ബിജെപിക്ക് കൈകൊടുക്കുന്നതും ബിജെപി സഖ്യത്തിന്‍റെ പിന്തുണയില്‍ ഒഡിഷയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതും. ഈ 2000 മാര്‍ച്ച് അഞ്ച് മുതല്‍ തുടര്‍ച്ചയായി അഞ്ചുതവണ വിജയിക്കുകയും സര്‍ക്കാര്‍ രൂപീകരിച്ച് അഞ്ചുതവണയും മുഖ്യമന്ത്രിയുമായി.
രാഷ്‌ട്രീയം കലരാത്ത കൗമാരം: വായില്‍ സ്വര്‍ണക്കരണ്ടിയുമായി തന്നെയായിരുന്നു നവീന്‍ പട്‌നായിക്കിന്‍റെ ജനനം. ഒഡിഷയുടെ തന്നെ മുന്‍ മുഖ്യമന്ത്രിയായിരുന്ന ബിജു പട്‌നായികിന്‍റെയും ഗ്യാന ദേവിയുടെയും മകനായി 1946 ഒക്‌ടോബര്‍ 16 ന് കട്ടക്കിലാണ് നവീന്‍ പട്‌നായിക് ജനിക്കുന്നത്. ഡെറാഡൂണിലെ വെൽഹാം ബോയ്‌സ് സ്‌കൂളിലും പിന്നീട് ഡൂൺ സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഉപരിപഠനത്തിനായി നവീന്‍ പട്‌നായിക് ഡല്‍ഹി സര്‍വകലാശാലയ്‌ക്ക് കീഴിലുള്ള കിരോരി മാല്‍ കോളജിലേക്ക് നീങ്ങി. ജന്മനാ എഴുത്തിനോടും സാഹിത്യത്തിനോടും കമ്പമുണ്ടായിരുന്ന നവീന്‍ കൗമാരം മുഴുവന്‍ രാഷ്‌ട്രീയത്തില്‍ നിന്നും ഒളിഞ്ഞുനടന്നു. എന്നാല്‍ അങ്ങനെയിരിക്കെയാണ് നവീന്‍ പട്‌നായികിന്‍റെ പിതാവിന്‍റെ മരണവും രാഷ്‌ട്രീയ എന്‍ട്രിയും.
എന്തുകൊണ്ട് നവീന്‍ പട്‌നായിക്: സൗമ്യമായ പെരുമാറ്റം, അഴിമതിക്കെതിരായ നിലപാടുകള്‍, പാവങ്ങളെ പരിഗണിച്ചുള്ള നയങ്ങള്‍ തുടങ്ങി ഒരു ജനകീയ നേതാവിന്‍റെ എല്ലാ സ്വഭാവങ്ങളും നവീന്‍ പട്‌നായികില്‍ കണ്ടതോടെ, ഒഡിഷ അവരുടെ നായകന് തുടരവസരങ്ങള്‍ നല്‍കി. ഭരണകാലയളവില്‍ ജനകീയ അടിത്തറ സുശക്തമാക്കിയതോടെ അഞ്ച് തവണ മുഖ്യമന്ത്രിക്കസേരയിലും. അച്ഛന്‍റെ നിഴല്‍ പിടിച്ച് വന്നതുകൊണ്ടുതന്നെ ഉദ്യോഗസ്ഥവൃന്ദത്തെ നിയന്ത്രിക്കുന്നതിലും സംസ്ഥാനത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളിലും നവീന്‍ പട്‌നായിക് പിതാവിന്‍റെ പാത പിന്തുടര്‍ന്നു. രാഷ്‌ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞപ്പോഴും ഉള്ളില്‍ കലയെ നഷ്‌ടപ്പെടുത്താതെ സൂക്ഷിക്കുന്നതിനാല്‍ തന്നെ നവീന്‍ പട്‌നായിക്, ഇന്ത്യൻ നാഷണൽ ട്രസ്‌റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജിന്‍റെ (INTACH) സ്ഥാപക അംഗങ്ങളിൽ ഒരാളുമായി മാറി.