ബെംഗളൂരു: വെളിച്ചം വിതറാൻ കഴിവുള്ള മരമുണ്ടെന്നുപറഞ്ഞാൽ ആദ്യം ആരുമൊന്ന് അമ്പരന്നേക്കാം. എന്നാൽ ശരിക്കും അങ്ങനെയൊരു മരമുണ്ട്. കർണാടകയിലെ ചാംരാജ് നഗര്‍ ജില്ലയിലെ ബിലിഗിരിരംഗ വനമേഖലയിലാണ് 'കൈകാരിലു' എന്ന അപൂർവ്വയിനം വൃക്ഷം കാണപ്പെടുന്നത്. ഇവയുടെ മൊട്ടുകളിലും ഇലകളിലും എണ്ണ പുരട്ടി തീപകര്‍ന്നാല്‍ ഒരു വിളക്കുതിരി പോലെ തിളങ്ങി കത്തും. ഗ്രാമ പ്രദേശങ്ങളില്‍ വ്യാപകമായി കണ്ടുവരുന്ന ഈ മരങ്ങള്‍ തേക്കിന്‍റെ ഗണത്തില്‍പ്പെടുന്നവയാണ്. മറ്റ് മരങ്ങളുടെ ഇലകളില്‍ നിന്നും വ്യത്യസ്തമായി എണ്ണ പോലൊരു പദാർഥം ഉത്പാദിപ്പിക്കപ്പെടുന്നു. അതുള്ളതിനാലാണ് തീക്കൊളുത്തുമ്പോള്‍ വിളക്കുതിരി പോലെ പ്രകാശിക്കുന്നത്.
അതേസമയം പാണ്ഡവര്‍ വനവാസകാലത്ത് വെളിച്ചത്തിനായി ഇവയുടെ ഇലകളും മൊട്ടുകളും ഉപയോഗിച്ചിരുന്നുവെന്ന സങ്കല്‍പ്പം സോലിഗ ഗോത്രവർഗക്കാർക്കിടയിലുണ്ട്. കൂടാതെ ഇവരുടെ മുന്‍ഗാമികളില്‍പ്പെട്ട ഒരു സ്‌ത്രീ ഇത് കത്തിക്കുന്ന രീതി ദ്രൗപദിക്ക് പഠിപ്പിച്ചു കൊടുത്തെന്നും ഐതിഹ്യമുണ്ട്. അതിനാല്‍ സോലിഗർ ഈ വൃക്ഷത്തെ 'പാണ്ഡവരുടെ വിളക്കുതിരി' എന്നാണ് വിശേഷിപ്പിക്കുന്നത്.
കൈകാരിലു മരത്തിന്‍റെ മൊട്ടുകള്‍ക്ക് എണ്ണ ശേഖരിച്ചുവയ്‌ക്കാനുള്ള കഴിവുണ്ട്. ഈ എണ്ണ ഉപയോഗിച്ചാണ് ഇവ തീ നിലനിർത്തുന്നത്. അതുകൊണ്ടുതന്നെ ഉത്സവ വേളകളില്‍ പ്രത്യേക പരിഗണനയാണ് സോലിഗ ജനത ഇവയുടെ ഇലകൾക്ക് നൽകുന്നത്. ആവണക്കണ്ണയുപയോഗിച്ചും തീ തെളിക്കാം. വിളക്കിനും വെളിച്ചം പകരുന്ന മറ്റ് ഉപകരണങ്ങള്‍ക്കും പകരമായി സോലിഗർ ഈ ഇലകളും മൊട്ടുകളും ഉപയോഗിച്ചുവരികയും ചെയ്യുന്നു.
കൈകാരിലു ഇലകൾ കൊണ്ട് റോട്ടി, റാഗി മുദ്ദെ പോലുള്ള വിഭവങ്ങളും സോലിഗർ പാകം ചെയ്യാറുണ്ട്. വെളിച്ചം വിതറുന്നതോടൊപ്പം മനോഹരമായ സുഗന്ധം പരത്താനുള്ള കഴിവും ഈ മരത്തിനുണ്ട്. അതിനാല്‍ തേനീച്ചകളും മറ്റും ഇവയിൽ കൂടുകൂട്ടുന്നു. അവ ശേഖരിക്കുന്ന തേൻ വില്‍ക്കുന്നത് സോലിഗർക്ക് വരുമാന മാർഗം കൂടിയായതിനാൽ കൈകാരിലു വൃക്ഷവുമായി അവര്‍ക്ക് വൈകാരിക ബന്ധമാണുള്ളത്.