ന്യൂഡല്‍ഹി: 2020-2021 കാലഘട്ടത്തില്‍ രാജ്യത്ത് പ്രകൃതി ക്ഷോഭങ്ങളില്‍ ജീവന്‍ നഷ്‌ടപ്പെട്ടത് ആയിരത്തിലധികം പേര്‍ക്കെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ്, പെട്ടെന്നുള്ള വെള്ളപ്പൊക്കം (flash flood), വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മേഘവിസ്‌ഫോടനം എന്നിവ മൂലം 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1,782 പേരാണ് മരണപ്പെട്ടത്. മനുഷ്യര്‍ക്ക് പുറമേ 45,844 മൃഗങ്ങള്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ട പ്രകൃതി ക്ഷോഭങ്ങളില്‍ 11,50,677 വീടുകള്‍ തകരുകയും 50.893 ലക്ഷം ഹെക്‌റ്റര്‍ കൃഷി ഭൂമി നശിക്കുകയും ചെയ്‌തു.
ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തീസ്‌ഗഢ്, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, മിസോറാം, നാഗാലാൻഡ്, ഒഡിഷ, പഞ്ചാബ്, സിക്കിം, തമിഴ്‌നാട്, തെലങ്കാന, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ജമ്മു കശ്‌മീര്‍, പുതുച്ചേരി, ദാദ്ര ആന്‍ഡ് നാഗർ ഹവേലി എന്നിവിടങ്ങളാണ് പ്രകൃതിക്ഷോഭങ്ങളുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തെക്കുപടിഞ്ഞാറൻ മൺസൂണിൽ കനത്ത മഴ മൂലം അസം, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ബിഹാർ, ഗുജറാത്ത്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, തെലങ്കാന, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) 158 സംഘങ്ങളെ ഇവിടങ്ങളില്‍ വിന്യസിച്ചു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും എന്‍ഡിആര്‍എഫിന് പുറമേ കരസേന, വ്യോമസേന, നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവയുടെ സേവനവും ഉപയോഗപ്പെടുത്തി.
നാശം വിതച്ച ചുഴലിക്കാറ്റുകള്‍: 2020 മെയ് 20ന് അംഫാൻ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത് ആഞ്ഞടിച്ചു. പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലാണ് ഇത് ബാധിച്ചത്. മണിക്കൂറില്‍ 155-165 കിലോമീറ്റർ വേഗതയിൽ പശ്ചിമ ബംഗാള്‍, ബംഗ്ലാദേശിനെയും കടന്ന ചുഴലിക്കാറ്റ് മണിക്കൂറിൽ 185 കിലോമീറ്റര്‍ വേഗതയില്‍ സുന്ദര്‍ബനിലെത്തി. 2020 ജൂണില്‍ അറബിക്കടലില്‍ രൂപം കൊണ്ട നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്‌ട്ര തീരത്ത് ആഞ്ഞ് വീശി.
മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗതയിൽ മഹാരാഷ്‌ട്ര തീരം കടന്ന് അലിബാഗിലാണ് നിസർഗ ചുഴലിക്കാറ്റ് തീരം തൊട്ടത്. 2020 നവംബര്‍ 25ന് അര്‍ധരാത്രിയാണ് നിവാര്‍ അതിതീവ്ര ചുഴലിക്കാറ്റ് തീരം തൊട്ടത്. പുതുച്ചേരിക്ക് സമീപം കാരിക്കല്‍, മാമല്ലപുരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 120-130 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്.
അനുവദിച്ച ഫണ്ട്: 2020-2021 വര്‍ഷത്തില്‍ സംസ്ഥാന ദുരന്ത റിസ്‌ക് മാനേജ്‌മെന്‍റ് ഫണ്ട്, സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് എന്നിവയിലേക്കായി 28,983 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 22,184 കോടി രൂപ കേന്ദ്ര വിഹിതവും 6,799 രൂപ സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതവുമാണ്. 28 സംസ്ഥാനങ്ങളിലെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള ആദ്യ ഗഡുവായി 11,170.425 കോടി രൂപയും 17 സംസ്ഥാനങ്ങള്‍ക്ക് രണ്ടാം ഗഡുവായി 7,866 കോടി രൂപയും കൈമാറി. 10 സംസ്ഥാനങ്ങള്‍ക്കായുള്ള ദേശീയ ദുരന്ത നിവാരണ ഫണ്ടായ 4,409 രൂപ ധനസഹായവും കൈമാറിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.