ഗാന്ധിനഗർ: ബ്ലാക്ക് ഫംഗസിന്‍റെ ചികിത്സക്ക് ഉപയോഗിക്കുന്ന ക്യുവികോൺ മരുന്നുകളുടെ വിതരണത്തിന് പിന്നിൽ ഹൈദരാബാദ് കേന്ദ്രീകരിച്ച സംഘം. തെലങ്കാനയിൽ പ്രവർത്തിക്കുന്ന അസ്‌ട്ര ജനറിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഇടപാടിൽ പങ്കാളികളാണെന്നാണ് പ്രാഥമിക വിവരമെന്നും ഹൈദരാബാദ് അടിസ്ഥാനമായുള്ള മാർക്കറ്റിങ് കമ്പനിയായ ആസ്‌പൻ ബയോഫാമിന്‍റെ സഹായത്തോടെയാണ് ഇത് നടത്തിയതെന്നും എഫ്‌ഡിസിഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു.
ബ്ലാക്ക് ഫംഗസിനെതിരെയുള്ള ചികിത്സക്ക് വലിയ രീതിയിൽ ഉപയോഗിക്കുന്ന മരുന്നായ പോസ് കൊനസോളിന്‍റെ വ്യാജ മരുന്നുകളാണ് ഗുജറാത്തിൽ നിന്ന് കണ്ടെത്തിയത്. 1,440 പോസ് കൊനസോള്‍ ടാബ്‌ലെറ്റുകളും 50 ലക്ഷം വിലമതിക്കുന്ന 182 ബോട്ടിൽ സിറപ്പുകളുമാണ് ഫുഡ് ആൻഡ് ഡ്രഗ്‌സ് കൺട്രോൾ അഡ്‌മിനിസ്‌ട്രേഷൻ നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത്.
അവസരം നോക്കി മുതലെടുപ്പ്
മരുന്നിന്‍റെ വലിയ തോതിലുള്ള മാർക്കറ്റ് കണ്ട നിർമാണ കമ്പനി ലൈസൻസ് പോലുമില്ലാതെ ക്യുവികോൺ ബ്രാൻഡിന്‍റെ പേരിൽ മരുന്നു നിർമാണം ആരംഭിക്കുകയായിരുന്നുവെന്നും ആസ്‌പെൻ ബയോഫാമിന്‍റെ സഹായത്തോടെ രാജ്യത്തുടനീളം വിതരണം നടത്തുകയായിരുന്നുവെന്നും എഫ്‌ഡിസിഎ കമ്മിഷണർ എച്ച്.ജി കോശ്യ പറഞ്ഞു. ക്യുവികോൺ വിതരണം ചെയ്യുന്ന മരുന്നുകൾ വ്യാജമാണെന്ന് ഗുജറാത്താണ് ആദ്യം കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപക റെയ്ഡ്
സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ റെയ്‌ഡ് നടത്തുകയും ടാബ്‌ലെറ്റുകളും സിറപ്പുകളും കൂടുതൽ വിദഗ്‌ധ പരിശോധനക്ക് അയക്കുകയുമായിരുന്നു. പരിശോധനയിൽ മരുന്നുകൾ വ്യാജമാണെന്ന് കണ്ടെത്തി. ഒരു ടാബ്‌ലെറ്റിന് 1000 രൂപയും 105 മില്ലിലിറ്ററുള്ള ഒരു ബോട്ടിൽ സിറപ്പിന് 20,500 രൂപയുമാണ് ഈടാക്കുന്നത് സംഭവത്തിൽ എഫ്‌ഡിസിഎ അന്വേഷണത്തിന് ഉത്തരവിട്ടു.
READ MORE: ഗുജറാത്തിൽ കുട്ടികൾക്കായി പ്രത്യേക മ്യൂക്കോമൈക്കോസിസ് വാർഡുകൾ തുറന്നു