ന്യൂഡല്‍ഹി : കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പിഎഫ്ഐ ആസ്ഥാനങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ 106 പേര്‍ അറസ്‌റ്റില്‍. അഞ്ച് കേസുകളിലായാണ് ഈ അറസ്‌റ്റുകളെല്ലാം നടന്നത്. എന്‍ഐഎ നേരിട്ട് അറസ്‌റ്റ് ചെയ്‌തത് 45 പേരെയാണ്. മറ്റുള്ളവരെ ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളാണ് പിടികൂടിയത്.
ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്‌ത രണ്ട് കേസുകളിലായി കേരളത്തില്‍ നിന്നുള്ള 19 പേരെ അറസ്‌റ്റ് ചെയ്‌തു. എന്‍ഐഎയാണ് റെയ്‌ഡ് ഏകോപിപ്പിച്ചത്. പതിനഞ്ച് സംസ്ഥാനങ്ങളിലായി നടന്ന റെയ്‌ഡില്‍ പങ്കെടുത്തത് 300 ലധികം ഉദ്യോഗസ്ഥരാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിച്ചവര്‍, പരിശീലന ക്യാംപുകള്‍ സംഘടിപ്പിച്ചവര്‍, നിരോധിക്കപ്പെട്ട സംഘടനകളില്‍ ആളുകളെ റിക്രൂട്ട് ചെയ്‌തവര്‍ എന്നിവരെയാണ് ലക്ഷ്യമിട്ടതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറയിച്ചു. പതിനഞ്ച് സംസ്ഥാനങ്ങളിലെ 93 ഇടങ്ങളിലായിരുന്നു പരിശോധന.
അറസ്റ്റിലായവര്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുക എന്നീ കൂറ്റകൃത്യങ്ങള്‍ നടത്തിയെന്ന് എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടന്നത് കേരളത്തിലാണ്. 39 ഇടങ്ങളില്‍.
തമിഴ്‌നാട് 16, കര്‍ണാടക 12, ആന്ധ്രാപ്രദേശ് 7, തെലങ്കാന 1, യുപി 2, രാജസ്ഥാന്‍ 4, അസം 1, മധ്യപ്രദേശ് 1, മഹാരാഷ്‌ട്ര 4, ഗോവ 1, പശ്ചിമ ബംഗാള്‍ 1, ബിഹാര്‍ 1, മണിപ്പൂര്‍ 1 എന്നിങ്ങനെയാണ് റെയ്‌ഡുകള്‍ നടന്നത്. ഡല്‍ഹിയില്‍ അറസ്‌റ്റിലായ എല്ലാ പിഎഫ്‌ഐ പ്രവര്‍ത്തകരേയും നാല് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.
മുംബൈയില്‍ അറസ്റ്റ് ചെയ്യപ്പെട്ട പിഎഫ്ഐ പ്രവര്‍ത്തകരെ മഹാരാഷ്‌ട്ര പൊലീസിന്‍റെ എടിഎസ് കസ്റ്റഡിയില്‍ വിട്ടു. 20 പിഎഫ്‌ഐ പ്രവര്‍ത്തകരെയാണ് മഹാരാഷ്‌ട്ര എടിഎസ് അറസ്‌റ്റ് ചെയ്‌തത്. 14 ദിവസത്തെ കസ്റ്റഡി എടിഎസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.