ഹൈദരാബാദ്: മാപ്രകളെന്ന് കേരളത്തില്‍ പരിഹസിക്കപ്പെടുന്ന മാധ്യമ പ്രവര്‍ത്തകര്‍,ലോകമെങ്ങും മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും നേരിടുന്ന പരിഹാസത്തിന്‍റെ ചെറിയ ഉദാഹരണം മാത്രമാണ്. യുദ്ധം തകര്‍ത്തെറിഞ്ഞ ഗാസയിലും ഇസ്രയേല്‍ പ്രാന്തങ്ങളിലും മാധ്യമ പ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും വേട്ടയാടപ്പെടുന്ന ഞെട്ടിക്കുന്ന കാഴ്‌ചകള്‍ക്കിടെയാണ് ഇന്ത്യ ഇന്ന് (16-11-2023) ദേശീയ പത്ര ദിനം ആഘോഷിക്കുന്നത് (National News Paper Day November 16).
ചരിത്രം: ഭരണകൂടങ്ങള്‍ മാധ്യമങ്ങളെ വിലങ്ങിട്ട് തളയ്ക്കുമ്പോള്‍ അതിനെതിരെ ഉയരേണ്ട കൂട്ടായ ശബ്‌ദത്തിന്‍റെ ഉറവിടമെന്ന് പൊതുവെ അംഗീകരിക്കപ്പെടുന്ന സ്വതന്ത്ര സ്ഥാപനമാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. 1966 ല്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(Press Council Of India) സ്ഥാപിതമായതിന്‍റെ ഓര്‍മ പുതുക്കലാണ് ദേശിയ പത്ര ദിനം കൊണ്ട് അര്‍ഥമാക്കുന്നത്. 1978 ല്‍ പാര്‍ലമെന്‍റ് പാസാക്കിയ പ്രസ് കൗണ്‍സില്‍ ആക്‌ട് അനുസരിച്ചാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്.
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിതമായ നവംബർ 16 ന് ദേശീയ പത്രദിനം രാജ്യത്തുടനീളം ആചരിക്കുന്നു. ജനാധിപത്യവ്യവസ്ഥയില്‍ നാലാം തൂണെന്ന് കരുതപ്പെടുന്ന പത്രപ്രവര്‍ത്തനമൊക്കെ ഓര്‍മിക്കപ്പെടുന്ന ദിവസം കൂടിയാണ് നവംബര്‍ 16. സ്വതന്ത്രവും ഉത്തരവാദിത്തമുള്ളതുമായ പത്രത്തിന്‍റെ സാന്നിധ്യമാണ് ഈ ദിവസം അടയാളപ്പെടുത്തേണ്ടത്.
വിലകെട്ട കാലവും പത്രധര്‍മ്മവും : വിലകെട്ടുപോയ മാധ്യമ പ്രവര്‍ത്തനം എല്ലായിടത്തും പരിഹാസം ക്ഷണിച്ച് വരുത്താറുണ്ട്. പത്രധര്‍മ്മമെന്ന് പരക്കെ ആഘോഷിക്കപ്പെടുന്ന സത്യാന്വേഷണവും നീതിയും ധാര്‍മ്മികതയുമൊക്കെ ഈ കാലത്ത് അതേ പടി വിളമ്പാനോ അച്ച് നിരത്താനോ മാധ്യമങ്ങള്‍ക്ക് കഴിയാറില്ല, താങ്ങിയും തൂങ്ങിയും വേണം പല പത്രങ്ങള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും നില്‍നില്‍ക്കാന്‍.
എല്ലാവര്‍ക്കും സ്വദേശാഭിമാനി ആകാനും കഴിയില്ല. എങ്കിലും മിനിമം സത്യമെങ്കിലും മറച്ചു വയ്ക്കാതെ വിളിച്ചുപറയാന്‍ ഓരോ പത്രക്കാരനും കഴിയണെമെന്ന് പത്രദിനം ഓര്‍മിപ്പിക്കുന്നു.
ഉയര്‍ന്ന നിലവാരം : മാധ്യമങ്ങൾ ഉയർന്ന നിലവാരം പുലർത്തുന്നുവെന്നും സ്വാധീനമോ ഭീഷണിയോ മാധ്യമങ്ങള്‍ക്ക് ഏല്‍ക്കാതിരിക്കണമെന്നും പത്രദിനം ലക്ഷ്യമാക്കുന്നുണ്ട്. മാധ്യമങ്ങൾ നമ്മുടെ ജനാധിപത്യത്തിന്‍റെ മഹത്തായ മാതൃക ഉയര്‍ത്തിപ്പിടുന്നുണ്ട്. എന്നാല്‍ വ്യാജവാര്‍ത്തകള്‍ മാധ്യമ മേഖലയില്‍ സൃഷ്ടിക്കുന്ന ദുരന്തം വളരെ വലുതാണ്.
പ്രതികൂല സാഹചര്യങ്ങൾക്കിടയിലും, മാധ്യമപ്രവർത്തകർ സമൂഹത്തിന്‍റെ കണ്ണാടിയാണെന്ന് പറയപ്പെടുന്നു, അത് സത്യത്തെ പ്രതിഫലിപ്പിക്കുന്നു. മാധ്യമസ്വാതന്ത്ര്യത്തിന്‍റെയും സമൂഹത്തോടുള്ള ഉത്തരവാദിത്തത്തിന്‍റെയും പ്രതീകമായ ഈ ദിനം രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെയാണ് അടയാളപ്പെടുത്തുന്നത്. പത്രക്കാര്‍ പോലും പലപ്പൊഴും അറിയാതെ ഈ ദിനം കലണ്ടറില്‍ 24 മണിക്കൂര്‍ നേരം തങ്ങി നില്‍ക്കും, പിന്നെ മറവിയുടെ ഇരുളിലേക്ക് മാഞ്ഞ് പോകും.