ന്യൂഡല്‍ഹി : ലോഗോയില്‍ നിന്ന് അശോക സ്‌തംഭം ഒഴിവാക്കി ഹിന്ദുദൈവമായ ധന്വന്തരിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി) (National Medical Commission Hindu deity Dhanwantari logo controversy). കമ്മിഷന്‍ ലോഗോയില്‍ ധന്വന്തരിയുടെ ചിത്രം ഒരുവര്‍ഷമായി ഉണ്ടെന്നാണ് പ്രതികരണം. ലോഗോയില്‍ നേരത്തെ ഇന്ത്യ എന്നുണ്ടായിരുന്നത് ഭാരത് എന്നാക്കിയത് മാത്രമാണ് മാറ്റം എന്നും കമ്മിഷന്‍ വ്യക്തമാക്കി (National Medical Commission reaction on logo controversy).
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആദ്യ ലോഗോയില്‍ ഗ്രീക്ക് ദേവതയുടെ ചിഹ്നം ഉണ്ടായിരുന്നതായി എത്തിക്‌സ് ആന്‍ഡ് മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ബോര്‍ഡ് അംഗവും മെഡിക്കല്‍ കൗണ്‍സില്‍ മീഡിയ വിഭാഗം മേധാവിയുമായ ഡോ യോഗേന്ദര്‍ മാലിക് പറഞ്ഞു. ഏകദേശം ഒന്നര വര്‍ഷം മുന്‍പാണ് നീണ്ട കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ വൈദ്യശാസ്‌ത്രത്തിന്‍റെ ദൈവം എന്ന് വിശ്വസിക്കപ്പെടുന്ന ധന്വന്തരിയുടെ ചിത്രം മെഡിക്കല്‍ കമ്മിഷന്‍റെ ലോഗോയില്‍ ഉള്‍പ്പെടുത്തിയത് എന്നും മാലിക് വ്യക്തമാക്കി.
'ധന്വന്തരിയുടെ ചിത്രം നേരത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റിലായിരുന്നു. അടുത്തിടെ നടന്ന മെഡിക്കല്‍ കമ്മിഷന്‍ യോഗത്തില്‍ ചിത്രം കളര്‍ ഇമേജ് ആക്കാന്‍ തീരുമാനിക്കുകയുണ്ടായി. ചിത്രം ഇപ്പോള്‍ കൂടുതല്‍ വ്യക്തമാണ്.
ലോഗോയില്‍ അശോക സ്‌തംഭം ഉണ്ടായിരുന്നില്ല. നേരത്തെ മെഡിക്കല്‍ കമ്മിഷന് ഒരു ലോഗോ തന്നെ ഉണ്ടായിരുന്നില്ല. രണ്ട് വര്‍ഷത്തില്‍ ചുരുങ്ങിയ കാലയളവേ ആയിട്ടുളളൂ എംഎന്‍സി ലോഗോയുമായി രംഗത്തെത്തിയിട്ട്.
ധന്വന്തരി ലോഗോയ്‌ക്ക് നിറം നല്‍കിയത് കൊണ്ട് മാത്രമാണ് മാറ്റം തോന്നുന്നത്. വിമര്‍ശനം എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല' -ഡോ യോഗേന്ദര്‍ മാലിക് പ്രതികരിച്ചു. ലോഗോയില്‍ ഇന്ത്യ എന്നുണ്ടായിരുന്നത് ഇപ്പോള്‍ ഭാരത് എന്നാക്കി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എംഎന്‍സി ലോഗോയില്‍ വരുത്തിയ മാറ്റം സ്വീകാര്യമല്ലെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ചാപ്‌റ്ററിന്‍റെ പ്രതികരണത്തിനെതിരെ കമ്മിഷന്‍ ഇന്നലെ (നവംബര്‍ 30) രോഷം പ്രകടിപ്പിച്ചിരുന്നു. എംഎന്‍സിയുടെ ലോഗോയിലെ മതേതര സന്ദേശവും ചിന്താരീതിയും കൂടുതല്‍ ഉചിതവും സ്വീകാര്യവും ആയിരുന്നു എന്ന് എഎംഎ കേരള ചാപ്‌റ്റര്‍ പ്രസിഡന്‍റ് ഡോ സുല്‍ഫി നൂഹ് പറഞ്ഞിരുന്നു.
ലോഗോയിലെ മാറ്റത്തിനെതിരെ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ നേതൃത്വം ശക്തമായി പ്രതിഷേധിക്കുമെന്നും ഡോ. സുല്‍ഫി നൂഹ് ഫേസ്‌ബുക്ക് കുറിപ്പില്‍ അറിയിച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്ന കമ്മിഷന്‍ ലോഗോയും നിലവിലെ ലോഗോയും പങ്കുവച്ചായിരുന്നു ഡോക്‌ര്‍ ഫേസ്‌ബുക്കില്‍ കുറിപ്പ് ഇട്ടത്.