പാനിപ്പത്ത് : ദേശീയ തലത്തിൽ മെഡലുകൾ നേടിയിട്ടുള്ള വനിത ഗുസ്‌തി താരം കനാലിൽ മുങ്ങിമരിച്ചു. 12-ാം ക്ലാസ് വിദ്യാർഥിയായ തനിഷ്‌ക എന്ന തന്യയാണ് കുളിക്കുന്നതിനിടെ യമുന കനാലിൽ മുങ്ങി മരിച്ചത്. ഞായറാഴ്‌ച സമൽഖയിലെ ഹത്വാല ഗ്രാമത്തിലായിരുന്നു സംഭവം.
തനിഷ്‌ക ഗുസ്‌തിയിൽ ദേശീയ തലത്തിൽ മെഡലുകൾ നേടിയിട്ടുണ്ട്. ശ്രീലങ്കയിൽ നടക്കുന്ന രാജ്യാന്തര തല മത്സരത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലായിരുന്നുവെന്ന് സഹോദരനായ സുരേന്ദ്ര പറഞ്ഞു. ഞായറാഴ്‌ച തനിഷ്‌ക തന്‍റെ സഹതാരവും ജൂനിയറുമായ രണ്ട് സുഹൃത്തുക്കളോടൊപ്പം യമുന ഘട്ടിൽ പരിശീലനം നടത്തുകയായിരുന്നു. ശേഷം മൂവരും കനാലിൽ കുളിക്കാനിറങ്ങി. എന്നാൽ ഒഴുക്കിൽപ്പെട്ടു.
സമീപവാസികൾ കണ്ടതിനെ തുടർന്ന് ഇവരെ രക്ഷിക്കാനുള്ള ശ്രമം നടത്തി. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയും കൃത്യസമയത്ത് കരയ്‌ക്കെത്തിക്കാനായെങ്കിലും തനിഷ്‌കയെ രക്ഷിക്കാനായില്ല. മറ്റ് രണ്ട് പെൺകുട്ടികളെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
സംഭവസ്ഥലത്ത് നിന്ന് കുറച്ചുമാറിയാണ് തനിഷ്‌കയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. പാനിപ്പത്ത് സിവിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം നടത്താൻ വിസമ്മതിച്ച ബന്ധുക്കൾ ഡോക്‌ടറുടെ അനുവാദത്തോടെ രേഖാമൂലം മൃതദേഹം ഏറ്റെടുത്തു.