കൊല്ലം: നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ 'റിപ്പോര്‍ട്ടര്‍' ആയി പ്രവര്‍ത്തിച്ചയാളെ എന്‍ഐഎ അറസ്‌റ്റ് ചെയ്‌തു. പിഎഫ്‌ഐയുടെ കൊലയാളി സംഘങ്ങള്‍ക്ക് ലക്ഷ്യം വയ്‌ക്കാനായി മറ്റ് സമുദായങ്ങളില്‍പ്പെട്ട ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന കൊല്ലത്തെ ചവറ സ്വദേശി മുഹമ്മദ് സാദിഖിന്‍റെ അറസ്‌റ്റാണ് എന്‍ഐഎ രേഖപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെ ചവറയിലെ മുഹമ്മദ് സാദിഖിന്‍റെ വീട്ടില്‍ എന്‍ഐഎ റെയ്‌ഡ് നടത്തിയിരുന്നു.
മുഹമ്മദ് സാദിഖിന്‍റെ വീട്ടില്‍ നിന്ന് ഗൂഢാലോചന തെളിയിക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തെന്ന് എന്‍ഐഎ അറിയിച്ചു. പിഎഫ്‌ഐയുടെയും അവരുടെ കൂട്ടാളികളുടെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ഇന്നലെ(17.01.2023) കൊല്ലം ജില്ലയില്‍ റെയ്‌ഡ് നടന്നിരുന്നു എന്ന് എന്‍ഐഎ വക്താവ് അറിയിച്ചു. എന്‍ഐഎയുടെ കൊച്ചി ബ്രാഞ്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 19നാണ് കേസ് സ്വമേധയ രജിസ്റ്റര്‍ ചെയ്‌തത്.
വിവിധ സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷം ജനിപ്പിക്കാനും ഇന്ത്യയെ 'ജിഹാദി'ലൂടെ ഇസ്‌ലാമിക രാജ്യമാക്കി മാറ്റാനുമുള്ള ഗൂഢാലോചനയാണ് പിഎഫ്ഐ ലക്ഷ്യംവച്ചത്. ഐഎസ്, ലഷ്‌കര്‍ ഇ തൊയിബ പോലുള്ള തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ റിക്ര്യൂട്ട് ചെയ്യാനും പിഎഫ്‌ഐ ശ്രമിച്ചു എന്നും എന്‍ഐഎ വ്യക്തമാക്കി.