ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൂന്നാഴ്‌ച സാവകാശം തേടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ജൂണ്‍ എട്ടിന് ഡല്‍ഹിയിലെ ഇഡി ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ കൊവിഡ് ബാധിതയായ സോണിയ ഗാന്ധി ഇക്കാര്യം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
ജൂണ്‍ 2നാണ് സോണിയ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ കൊവിഡ് മുക്തി നേടിയിട്ടില്ലെന്നും ഡോക്‌ടർമാർ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അധ്യക്ഷ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മൂന്നാഴ്‌ച സമയം തേടിയത്. ജൂൺ 2, ജൂൺ 7 തീയതികളിലെ മെഡിക്കൽ റിപ്പോർട്ടുകൾ ഇഡിക്ക് അയച്ചിട്ടുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
കേസ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ പരാതിയില്‍: രാഹുല്‍ ഗാന്ധിയോട് ജൂണ്‍ 2ന് ഹാജരാകാനാണ് നേരത്തെ ആവശ്യപ്പെട്ടിരുന്നതെങ്കിലും വിദേശത്താണെന്നത് പരിഗണിച്ച് ജൂണ്‍ 13ന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഏപ്രിലില്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാർജുന്‍ ഖാര്‍ഗെയെയും പവന്‍ ബന്‍സാലിനേയും ഇഡി ചോദ്യം ചെയ്‌തിരുന്നു. തുടര്‍ന്ന് ഇരുവരുടേയും മൊഴി കേന്ദ്ര ഏജന്‍സി രേഖപ്പെടുത്തി.
അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡാണ് (എജെഎല്‍) നാഷണല്‍ ഹെറാള്‍ഡ് പ്രസിദ്ധീകരിക്കുന്നത്. പവന്‍ ബന്‍സാലാണ് എജെഎല്ലിന്‍റെ മാനേജിങ് ഡയറക്‌ടർ. മല്ലികാർജുന്‍ ഖാര്‍ഗെ സിഇഒ ആയ യങ് ഇന്‍ഡ്യന്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് (വൈഐഎല്‍) പത്രത്തിന്‍റെ ഉടമസ്ഥവകാശം.
എജെഎല്ലിന്‍റേയും വൈഐഎല്ലിന്‍റേയും നടത്തിപ്പില്‍ പാര്‍ട്ടി ഭാരവാഹികള്‍ക്കുള്ള പങ്ക്, ഓഹരികളും സാമ്പത്തിക ഇടപാടുകളുമാണ് ഇഡി അന്വേഷിക്കുന്നത്. എജെഎല്ലിനെ വൈഐഎല്‍ എറ്റെടുത്തപ്പോള്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന് ആരോപിച്ച് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ 2012ല്‍ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് പരാതി നല്‍കിയത്. 90.25 കോടി രൂപ ആസ്‌തിയുള്ള എജെഎല്‍ ഏറ്റെടുക്കാന്‍ വൈഐഎല്‍ വെറും അമ്പത് ലക്ഷം രൂപ മാത്രം ഒടുക്കിയെന്നാണ് രേഖകളിലുള്ളതെന്നാണ് ആരോപണം.
Read more: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൊവിഡ്