ഗുരുതരമായ രോഗങ്ങളിലൊന്നാണ് ഡെങ്കിപ്പനി. ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളാണ് ലോകമെമ്പാടും ഈ മാരകമായ രോഗം മൂലം മരണമടയുന്നത്. മിക്ക ഡെങ്കിപ്പനി കേസുകളും മഴക്കാലത്തിന്‍റെ ആരംഭഘട്ടത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നതാണ് വസ്‌തുത. ഈ കാലയളവിൽ മുൻകരുതലുകള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
ഈ രോഗത്തിന്‍റെ തീവ്രത കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അവബോധം നല്‍കാറുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയയാണ് പ്രധാനമായും കൊതുകുകള്‍ പെറ്റുപെരുകുന്നത്. ജൂലൈ മുതൽ ഒക്‌ടോബർ വരെയാണ് ഇവയുടെ വളർച്ചയ്ക്ക് അനുകൂലമായ സമയം. ഇക്കാലയളവിലാണ് ഡെങ്കിപ്പനി വ്യാപകമായി പടരുന്നതും. ഈ രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ സർക്കാർ നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
ശക്തിപ്പെടുത്തേണ്ടതുണ്ട്, അവബോധം: എല്ലാ വർഷവും മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പ് മെയ് 16നാണ് ദേശീയ ഡെങ്കിപ്പനി ദിനമായി ആചരിക്കുന്നത്. ഈ മാരക രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യം. ഡെങ്കിപ്പനിയെക്കുറിച്ച് മുന്‍പുള്ളതിനേക്കാള്‍ കൂടുതൽ അവബോധം ജനങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ടെന്നത് വസ്‌തുത. എന്നാൽ, രാജ്യത്തിന്‍റെ ഗ്രാമപ്രദേശങ്ങളിൽ ഇതേക്കുറിച്ചുള്ള അവബോധം ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്.
ഈഡിസ് കൊതുകാണ് ഡെങ്കിപ്പനി പരത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വർഷവും ഏകദേശം 100 മുതല്‍ 400 ദശലക്ഷം ആളുകള്‍ക്കാണ് ഈ രോഗം ബാധിക്കുന്നത്. ഈ രോഗബാധയെ തുടര്‍ന്ന് നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടതും. 2022ലെ ദേശീയ ഡെങ്കിപ്പനി ദിനത്തിലെ മുദ്രാവാക്യം, 'സുരക്ഷിതരായിരിക്കുക, ഡെങ്കിപ്പനിക്കെതിരെ പോരാടുക' എന്നതായിരുന്നു. ഇത്തവണ അത് 'ഡെങ്കിക്കെതിരെ പോരാടുക, ജീവൻ രക്ഷിക്കുക', എന്നതാണ്.
2021 നവംബറിൽ പഞ്ചാബിലെ ഡെങ്കിപ്പനി കേസുകൾ 16,129 ആയിരുന്നു. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്. ഈ സാഹചര്യമൊക്കെ മുന്നിലുള്ളതുകൊണ്ട് ഇത്തവണ ശക്തമായ നീക്കമാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. മലിനജലം കെട്ടിക്കിടക്കുന്ന ഇടങ്ങള്‍ ശുചിത്വമുള്ളതാക്കുക, പറമ്പുകളിലെ പാത്രങ്ങളിലും മറ്റും വെള്ളം നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക എന്നിവയാണ് ഡെങ്കിപ്പനി തടയാനുള്ള കർശന നടപടികൾ.
അറിയാം ഡെങ്കിപ്പനിയെക്കുറിച്ച്
- ഡെങ്കിപ്പനി ഒരു വൈറൽ രോഗമാണ്
- ഈഡിസ് കൊതുകാണ് പരത്തുന്നത്
- നാലിൽ ഒരാൾക്ക് വീതം ഡെങ്കിപ്പനി വന്നേക്കാം
- ലക്ഷണങ്ങൾ മിതമായതോ തീവ്രമായോ ആവാം
- കൊതുക് കടിയേറ്റ് മൂന്ന് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്
- ഡെങ്കിപ്പനി ബാധിച്ചവർ കഴിയുന്നത്ര വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും പനി നിയന്ത്രണത്തിനുള്ള ടാബ്‌ലെറ്റുകള്‍ കഴിയുക്കുകയും വേണം
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ
- ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണമാണ് പനി
- ഛർദി, വയറുവേദന, ശരീരവേദന, മൂക്കിൽ നിന്ന് രക്തസ്രാവം, മലത്തിൽ രക്തം എന്നിവ മറ്റ് ലക്ഷണങ്ങള്‍
- ലക്ഷണങ്ങൾ രണ്ട് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും
- പൊതുവെ ഈ രോഗം ഒരാഴ്‌ചയ്ക്കുള്ളിൽ ഭേദപ്പെടാറുണ്ട്
- ഡെങ്കിപ്പനി ബാധിതരിൽ 20ൽ ഒരാൾക്ക് ഗുരുതരമായി ബാധിക്കാറുണ്ട്
ഡെങ്കിപ്പനി വരാതെ നോക്കാന്‍
- വ്യായാമം, യോഗ, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവയിലൂടെ പ്രതിരോധശേഷി വർധിപ്പിക്കുക
- കൊതുകിനെ അകറ്റുന്ന ക്രീമുകൾ, സ്പ്രേകൾ എന്നിവ ഉപയോഗിക്കുക
- ചുറ്റുപാടുകൾ വൃത്തിയാക്കണം, ഡ്രെയിനേജുകളും ഗട്ടറുകളിലും ബ്ലീച്ചിങ് പൗഡര്‍ വിതറുക, കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക