അലിഗഡ് (ഉത്തർപ്രദേശ്): വിവാദങ്ങള്‍ക്കൊടുവിൽ ബോളിവുഡ് നടന്‍ നസീറുദ്ദീൻ ഷായുടെ മകൾ ഹിബ ഷായ്ക്ക് ജനന സർട്ടിഫിക്കറ്റ് അനുവദിച്ച് അലിഗഡ് മുനിസിപ്പൽ കോർപ്പറേഷൻ (Naseeruddin Shahs Daughter Birth Certificate issued After 53 Years). ജനിച്ച് 53 വർഷത്തിന് ശേഷം 2023 ജൂലൈയിലാണ് ഹിബ തന്‍റെ ജനന സർട്ടിഫിക്കറ്റിനായി അലിഗഡ് മുനിസിപ്പൽ കോർപ്പറേഷനെ (Aligarh Municipal Corporation) സമീപിച്ചത്. ഇക്കാരണത്താല്‍ സർട്ടിഫിക്കറ്റ് നല്‍കാന്‍ കോർപ്പറേഷന്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടതോടെ സംഭവം വിവാദമാകുകയായിരുന്നു. മൂന്നു മാസത്തെ പോരാട്ടത്തിനൊടുവില്‍ സെപ്‌തംബര്‍ 23 നാണ് ഹിബ ഷായ്ക്ക് ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.
1970ൽ അലിഗഡിലെ സെന്‍റര്‍ പോയന്‍റിലുള്ള ടിക്കാറാം നഴ്‌സിങ് ഹോമിലാണ് നസീറുദ്ദീൻ ഷായുടെ മകൾ ജനിച്ചത്. പാസ്‌പോർട്ട് ലഭിക്കാൻ ഹിബയ്ക്ക് ജനന സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നതിനാലാണ് ഇപ്പോള്‍ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. 53 വർഷത്തിന് ശേഷം ജനന സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയതിനാല്‍ മുനിസിപ്പൽ കോർപ്പറേഷൻ എല്ലാ രേഖകളും വിശദമായി പരിശോധിച്ചു. എന്നാൽ ഈ ആപ്ലിക്കേഷനിൽ കോർപ്പറേഷൻ അധികൃതർ ചില പോരായ്‌മകൾ കണ്ടെത്തിയതോടെ തിരിച്ചയച്ചു. ഇതിനുശേഷം വീണ്ടും ജനന സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകുകയായിരുന്നു.
പുതിയ അപേക്ഷയിന്മേല്‍ ഹിബ ജനിച്ച നഴ്‌സിംഗ് ഹോമിനെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് മെഡിക്കൽ ഓഫീസറുടെ ഓഫീസിനോട് കോർപ്പറേഷൻ അധികൃതർ ആവശ്യപ്പെട്ടു. ഈ റിപ്പോർട്ടിന്‍റെയും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നൽകിയ റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ ജനന സർട്ടിഫിക്കറ്റ് അനുവദിച്ചത്. കുട്ടി ജനിച്ച് ഒരു വർഷത്തിനുള്ളിൽ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ മജിസ്‌ട്രേറ്റിന്‍റെ റിപ്പോർട്ട് ആവശ്യമില്ല, എന്നാൽ ജനനം നടന്ന് 53 വർഷത്തിന് ശേഷം ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയതിനാലാണ് ആരോഗ്യവകുപ്പിന്‍റെയും മജിസ്‌ട്രേറ്റിന്‍റെയും റിപ്പോർട്ട് തേടിയത്.
ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ടിക്കാറാം നഴ്‌സിങ് ഹോം 1970 കാലയളവില്‍ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി. നസീറുദ്ദീൻ ഷായുടെ മകൾ ഹിബ ജനിച്ചത് ടിക്കാറാം നഴ്‌സിങ് ഹോമിൽ തന്നെയാണെന്നും സ്ഥിരീകരിച്ചു. അക്കാലത്ത് നടൻ നസറുദ്ദീൻ ഷാ ആദ്യ ഭാര്യയോടൊപ്പം നഴ്‌സിങ് ഹോം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് താമസിച്ചിരുന്നു. രേഖകളുടെ അടിസ്ഥാനത്തില്‍ ടിക്കാറാം നഴ്‌സിങ് ഹോമിൽ നസീറുദ്ദീൻ ഷായുടെ ഭാര്യയ്ക്ക് പ്രസവ ശസ്ത്രക്രിയ നടത്തിയതായും കണ്ടെത്തി. എന്നാൽ നിലവില്‍ നഴ്‌സിങ് ഹോം അടച്ചിട്ട നിലയിലായിരുന്നു.