ജാർഖണ്ഡിലെ നർഹാർപൂരിലെ ഓരോ ഗ്രാമപഞ്ചായത്തും വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. താമസിക്കാതെ ഇവിടങ്ങളിലെ ചുമരുകളെല്ലാം ബ്ലാക്ക് ബോർഡുകൾ പോലെയാകും. പറഞ്ഞു വരുന്നത് കൊറോണക്കാലത്ത് വിദ്യാഭ്യാസ മേഖലയിൽ നേരിട്ട പ്രതിസന്ധിയെ മറികടക്കാൻ ഒരു നാട് നടത്തുന്ന ശ്രമങ്ങളെക്കുറിച്ചാണ്. ഇവിടെ ഗ്രാമങ്ങളിലെ വഴികളിലേയും വീടുകളുടെയും ഒക്കെ ചുമരുകൾ ഇപ്പോൾ കുട്ടികൾക്കുള്ള പാഠപുസ്തകങ്ങൾ കൂടിയാണ്.
കൊവിഡ് മൂലം ഏറ്റവും അധികം പ്രതിസന്ധി നേരിട്ടത് വിദ്യാർഥികളാണ്. പ്രത്യേകിച്ച് ഇന്‍റർനെറ്റും ടിവിയും ഒന്നുമില്ലാത്ത ഗ്രാമത്തിലെ കുട്ടികൾ. ഈ സാഹചര്യത്തിലാണ് ഗ്രാമത്തിലെ ചുമരുകളിലും മറ്റും ഇംഗ്ലീഷ് അക്ഷരമാലകളും കണക്കുകളും ഒക്കെ നിറയാൻ തുടങ്ങിയത്. ഗ്രാമങ്ങളിലെ ഓരോ ചുമരുകളിലും ഹിന്ദി, ഇംഗ്ലീഷ്, ഗണിത ശാസ്ത്രം, പൊതു വിജ്ഞാനം എന്നിങ്ങനെയുള്ള വിഷയങ്ങളിലെ അറിവുകള്‍ എഴുതി വെച്ചിട്ടുണ്ട്. ഇത്തരം ചുമരെഴുത്തുകൾ കുട്ടികൾ പലതവണ വായിക്കുകയും കൂട്ടുകാരുമായി അതിനേപ്പറ്റി സംസാരിക്കുകയും ചെയ്യുന്നു. പരിചിതമല്ലാത്ത ഏതെങ്കിലും വിഷയമുണ്ടെങ്കില്‍ അത് അവര്‍ തങ്ങളുടെ മാതാപിതാക്കളോടും ചോദിക്കും.
കൊവിഡ് സ്‌കൂളിൽ നിന്ന് അകറ്റിയ ഗ്രാമത്തിലെ കുട്ടികൾക്ക് പഠനത്തോടുള്ള താൽപ്പര്യം നിലനിർത്താൻ ഈ പദ്ധതി വലിയ തോതിൽ സഹായിച്ചു. അത് കുട്ടികളിലെ വായനാ ശീലത്തെയും വളർത്തി. നക്‌സല്‍ ബാധിത പ്രദേശമായ കാങ്കര്‍ ജില്ലയില്‍ ഉൾപ്പെട്ട നർഹാർപൂരിലെ പ്രൈമറി സ്‌കൂൾ കുട്ടികളെ ഈ ചുമരെഴുത്തുകൾ വളരെ അധികം സ്വാധീനിച്ചു. ഈ ചുമരെഴുത്തുകൾ ഇപ്പോൾ അവരുടെ ജീവിതത്തിന്‍റെ ഭാഗമാണ്. പദ്ധതിയുടെ വിജയത്തെ തുടർന്ന് കൂടുതൽ ഇടങ്ങളിലേക്ക് ഇത്തരം ചുമരെഴുത്തുകളിലൂടെയുള്ള പഠനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.