കോയമ്പത്തൂര്‍: ഒന്നാം ക്ലാസിലെ പാഠപുസ്‌തകത്തിൽ ഇടം പിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാല്യകാലം. കുട്ടിക്കാലത്ത് ധൈര്യശാലിയായ മോദി കുളത്തില്‍ നിന്ന് മുതലയെ പിടിച്ച് വീട്ടില്‍ കൊണ്ടുവന്ന കഥയാണ് പാഠഭാഗത്ത് ഉള്‍പ്പടുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ സ്വകാര്യ സ്‌കൂളിലെ ഒന്നാംക്ലാസില്‍ പഠിപ്പിക്കുന്ന ബാരി ഒബ്രിയന്‍റെയും ഫയർഫ്ലൈ പബ്ലിക്കേഷനുകളുടെയും മൂല്യവിദ്യാഭ്യാസത്തെക്കുറിച്ചുള്ള പുസ്‌തകത്തിലാണ് ഈ ഭാഗം.
2019-ൽ ഡിസ്‌കവറിയുടെ 'മാൻ വേഴ്‌സസ് വൈൽഡ്' എന്ന പരമ്പരയിൽ പ്രധാനമന്ത്രി പ്രത്യക്ഷപ്പെട്ടപ്പോൾ അവതാരകനായ ബെയർ ഗ്രിൽസിനോട്, ചെറുപ്പത്തിൽ താൻ ഒരിക്കൽ കുളത്തില്‍ നിന്ന് മുതലയെ പിടിച്ച് വീട്ടിൽ കൊണ്ടുവന്ന കഥ പറഞ്ഞിരുന്നു. മുതലയുമായി വീട്ടിലെത്തിയപ്പോള്‍ അതിനെ തിരിച്ച് കുളത്തില്‍ തന്നെ അയക്കണമെന്നു പറഞ്ഞ് അമ്മ ശാസിച്ചതായും പ്രധാനമന്ത്രി പരിപാടിയില്‍ പറഞ്ഞു.
'നരേന്ദ്ര ദാമോദർദാസ് മോദി ഇന്ത്യയുടെ 14-ാമത്തെ പ്രധാനമന്ത്രിയാണ്, കുട്ടിക്കാലത്ത് വളരെ ധൈര്യശാലിയായ അദ്ദേഹം ഒരിക്കൽ ഒരു മുതലയെ പിടിച്ച് വീട്ടിലേക്ക് കൊണ്ടുവന്നു' എന്നാണ് സംഭവത്തെ പരാമർശിച്ച് സ്‌കൂൾ പാഠപുസ്‌തകത്തിൽ പറയുന്നത്. എന്നാല്‍ ഈ കഥ ആദ്യം പ്രത്യക്ഷപ്പെട്ടത് രന്നാഡെ പ്രകാശന്‍റെയും ബ്ലൂ സ്‌നെയിൽ ആനിമേഷന്‍റെയും 'ബാൽ നരേന്ദ്ര-ചൈൽഡ്ഹുഡ് സ്റ്റോറീസ് ഓഫ് നരേന്ദ്ര മോദി' എന്ന കോമിക് പുസ്‌തകത്തിലാണ്.
ഗുജറാത്തില്‍ മുതലകളുള്ള ഒരു കുളത്തില്‍ നീന്തുന്നതിനിടെ മോദിയെ മുതല ആക്രമിക്കുകയും ആക്രമിച്ച മുതലയെ കീഴടക്കി മോദി വീട്ടില്‍ കൊണ്ടുവരികയും ചെയ്‌തു. അന്ന് എട്ടാം ക്ലാസിൽ പഠിക്കുന്ന അദ്ദേഹത്തിന് മുതലയുടെ ആക്രമണത്തില്‍ കാലിൽ സാരമായി പരിക്കേറ്റിരുന്നു എന്നാണ് കഥ.